വയനാട്ടിലെ ആദിവാസികൾക്കിടയിൽ ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. പനമരം മാത്തൂർ പരിയാരത്തെ അടിയ, പണിയ കാട്ടുനായ്ക്ക വിഭാഗങ്ങൾ അധിവസിക്കുന്ന കോളനികളിൽ 10 ലേറെ ആളുകൾക്ക് ഇതുവരെ ക്ഷയരോഗം സ്ഥിരീകരിച്ചു. ആദിവാസി കോളനികളിൽ ട്രൈബൽ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ആരോപണം.
പരിയാരം ആദിവാസി കോളനിയിലെ ഗണേഷിന് ക്ഷയ രോഗം സ്ഥിരീകരിച്ചിട്ട് ഒരുമാസം ആകുന്നു. ഗണേഷിൻ്റെ അച്ഛനും അമ്മയും ക്ഷയരോഗ ബാധിതരാണ്. ക്ഷയ രോഗ ബാധിതരായ അച്ഛനും അമ്മയും നിത്യവരുമാനത്തിനായി ജോലിക്ക് പോകേണ്ട സാഹചര്യമാണുള്ളത്. അച്ഛൻ കൂലിപ്പണിക്കും അമ്മ തൊഴിലുറപ്പ് പണിക്കുമാണ് പോകുന്നത്. ഭക്ഷണം അടക്കമുള്ള സാധനങ്ങൾ ട്രൈബൽ വകുപ്പ് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗണേഷ്.
ഈ കോളനിയിലെ 22കാരനായ രഞ്ജിത്തിനായിരുന്നു ആദ്യം ക്ഷയ രോഗം ബാധിച്ചത്. 2022ലായിരുന്നിത്. എന്നാൽ അസുഖം തിരിച്ചറിയാൻ വൈകി. ട്രൈബൽ വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കിയില്ല. അസുഖം വന്നതിനെ തുടർന്ന് ആരും ജോലിക്ക് വിളിക്കാത്തതിനാൽ രഞ്ജിത്തിന്റെ ജീവിതം ഇപ്പോൾ ദുഷ്കരമാണ്.
വിവിധ കുടുംബങ്ങളിലെ അഞ്ചിലേറെ സ്ത്രീകൾ ഇവിടെ ക്ഷയരോഗത്തിന്റെ പിടിയിലാണ് മിക്കവരും 50 വയസിനു മുകളിലുള്ളവരാണ്. റേഷനരി കിട്ടുമ്പോൾ മാത്രമാണ് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ രാവിലെ ഒരു നേരം മാത്രമാണ് ഭക്ഷണമെന്നു കോളനിയിലെ രോഗബാധിതയായ വായോധിക അമ്മിണി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
മരുന്നുകൾ കൃത്യമായി എത്താറുണ്ടെങ്കിലും ആവശ്യത്തിന് പോഷകാഹാരങ്ങളോ മറ്റു സഹായങ്ങളോ ട്രൈബൽ വകുപ്പിൽ നിന്ന് ഇവർക്ക് ലഭിക്കുന്നില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. ചികിത്സയും ബോധവൽക്കരണവും മാത്രമല്ല ആവശ്യമായ പോഷകാഹാരവും ലഭ്യമാക്കാനുള്ള നടപടികൾ ട്രൈബൽ വകുപ്പ് സ്വീകരിക്കണമെന്നാണ് കോളനികളിലെ സാഹചര്യം സൂചിപ്പിക്കുന്നത്. ക്ഷയരോഗം ആദിവാസി മേഖലകളിൽ നിന്ന് നിർമാർജനം ചെയ്യാൻ ട്രൈബൽ വകുപ്പും ആരോഗ്യവകുപ്പും കാര്യക്ഷമമായ ഇടപെടൽ നടത്തേണ്ട സാഹചര്യം നിലവിലുണ്ട്.
കഴിഞ്ഞമാസം അവസാനം ക്ഷയരോഗം ബാധിച്ച് ആദിവാസി വിഭാഗത്തിലെ 11 വയസുകാരി മരിച്ചിരുന്നു. അഞ്ചുകുന്ന് കാപ്പുംകുന്ന് ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. രേണുകയ്ക്ക് ചികിത്സ ലഭ്യമാക്കാൻ വൈകിയെന്നും അവശ്യ ഘട്ടങ്ങളിൽ ട്രൈബൽ വകുപ്പ് നടപടി കൈക്കൊണ്ടില്ലെന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു ആറാം ക്ലാസുകാരി രേണുകയെ കടുത്ത പനിയെ തുടർന്ന് വീടിനു സമീപത്തെ പൊരുന്നന്നൂർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സകൾക്കായി രേണുകയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ വൈകിട്ടോടെ രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരണത്തിനു കീഴടങ്ങുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് ഇതേ കോളനിയിലെ മറ്റൊരു യുവാവ് രതീഷും ക്ഷയരോഗം ബാധിച്ച് മരിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് മരിച്ച രതീഷിന്റെ ഭാര്യയുടെ മരണ കാരണവും ക്ഷയരോഗം തന്നെയായിരുന്നു. രേണുകയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി ആരോഗ്യ വകുപ്പ് അധികൃതർ പട്ടികവർഗ്ഗ വകുപ്പ് ഓഫീസറെ അറിയിച്ചെങ്കിലും വണ്ടിക്കൂലിക്ക് ഫണ്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് കോളനി നിവാസികൾ പറയുന്നു.