തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ വി ഗോപിനാഥിനെതിരെ അച്ചടക്ക നടപടി. പാർട്ടി അംഗത്വത്തിൽ നിന്ന് ഗോപിനാഥിനെ കെപിസിസി നേതൃത്വം സസ്പെൻഡ് ചെയ്തു. നവകേരള സദസ്സിൽ പങ്കെടുത്തതിനാണ് അച്ചടക്ക നടപടി. കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും നവകേരള സദസ്സുമായി സഹകരിക്കരുതെന്ന് കെപിസിസി നിർദ്ദേശം നൽകിയിരുന്നു. പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു.
നവകേരള സദസ്സ് പാലക്കാട് എത്തിയപ്പോഴായിരുന്നു എ വി ഗോപിനാഥ് പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സില് പങ്കെടുക്കാനായി എത്തിയത്. പാലക്കാട് വികസന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.
പരിപാടിക്ക് എത്തിയതിന് പ്രത്യേക രാഷ്ട്രീയ അനുമാനം നൽകേണ്ട കാര്യമില്ല. തന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. കോൺഗ്രസുകാരനായാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും എ വി ഗോപിനാഥ് പറഞ്ഞിരുന്നു.
നേരത്തെ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് അറിയിച്ച എ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ കെപിസിസി നേതൃത്വം ശ്രമം നടത്തിയിരുന്നു. രമ്യാ ഹരിദാസ് എംപി ഗോപിനാഥിൻ്റെ വീട്ടിൽ നേരിട്ടെത്തി ഗോപിനാഥിനോട് സംസാരിച്ചിരുന്നു. രമ്യാ ഹരിദാസ് വീട്ടിലെത്തിയതിന് ശേഷം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എ വി ഗോപിനാഥുമായി ടെലഫോണിൽ സംസാരിച്ചിരുന്നു. കെപിസിസി പ്രസിഡന്റുമായി നടന്ന ഫോൺ സംഭാഷണം തീർത്തും സൗഹൃദപരമായിരുന്നുവെന്ന് പിന്നീട് എ വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. സന്ദർശനത്തില് നവകേരള സദസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും നടന്നത് സൗഹൃദ സംഭാഷണമായിരുന്നെന്നും രമ്യ ഹരിദാസും പ്രതികരിച്ചിരുന്നു. എ വി ഗോപിനാഥ് എന്നും കോൺഗ്രസ് നേതാവ് എന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. ജീവൻ പോയാലും നവ കേരള സദസ്സിൽ പങ്കെടുക്കുമെന്നായിരുന്നു എ വി ഗോപിനാഥിൻ്റെ പ്രതികരണം.