കൊച്ചി: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ പത്മകുമാറിന്റെ ചിറക്കലെ ഫാമിൽ ഇന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന. മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനതല ഉദ്യോഗ സമിതിയാണ് പരിശോധന നടത്തുന്നത്. ഫാമിലെ മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പരിശോധന. അബിഗേലിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരുന്നത് ഈ ഫാമിലാണെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. എന്നാൽ കുട്ടിയെ താമസിപ്പിച്ചിരുന്നത് പ്രതികളുടെ വീട്ടിൽ തന്നെയായിരുന്നുവെന്ന് പിന്നീട് മൊഴിയിൽ നിന്ന് വ്യക്തമായി.
കൊല്ലം ഓയൂരിൽ നിന്ന് നവംബർ 27നാണ് ആറ് വയസ്സുകാരി അബിഗേലിനെ പത്മകുമാറും ഭാര്യ അനിതയും മകൾ അനുപമയും ചേർന്ന് തട്ടിക്കൊണ്ടുപോയത്. തുടർന്ന് നവംബർ 28ന് കൊല്ലം ആശ്രാമ മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘത്തെ പൊലീസ് തെങ്കാശിയിൽ നിന്ന് പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നത് മുതൽ ഇവർ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതടക്കം തെളിവുകൾ ലഭിക്കാതിരുന്നത് ആദ്യ ദിവസങ്ങളിൽ പൊലീസിനെ കുഴക്കിയിരുന്നു.
എന്നാൽ കുട്ടിയും സഹോദരനും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് ട്രേസ് ചെയ്ത് പിടികൂടി. കുട്ടിക്ക് പ്രതികൾ കാർട്ടൂൺ കാണിച്ച് നൽകിയതിൽ നിന്ന് ലാപ്ടോപ്പിന്റെ ഐപി അഡ്രസ്സടക്കം കണ്ടെത്തി ട്രേസ് ചെയ്ത പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞിരുന്നു. പിന്നീടാണ് പിന്തുടർന്ന് തെങ്കാശിയിൽ വച്ച് പിടികൂടുന്നത്.
ആദ്യം അന്വേഷണം വഴി തിരിച്ചുവിടാൻ കുട്ടിയുടെ പിതാവിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം വരെ ഉന്നയിച്ച പ്രതികൾ പിന്നീട് സത്യം പറയുകയായിരുന്നു. കോടികളുടെ സാമ്പത്തിക ബാധ്യത തീർക്കാൻ കിഡ്നാപ്പിംഗ് നടത്താനുള്ള ട്രയലായിരുന്നു അബിഗേലിനെ തട്ടിക്കൊണ്ടുപോയതെന്ന ഞെട്ടിക്കുന്ന വിവരമാണ് മൊഴിയിൽ നിന്ന് ലഭിച്ചത്.