തൃശൂർ: സർവകലാശാലകളിലെ ബിജെപി പ്രാതിനിധ്യത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ഗവർണറുടേത് വ്യക്തമായ സംഘപരിവാർ അജണ്ടയെന്നും മന്ത്രി ആരോപിച്ചു. പ്രാകൃതമായ അന്തരീക്ഷം സർവകലാശാലയിൽ രൂപപ്പെടുത്താൻ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. എവിടെ നിന്നോ ലഭിച്ച പേരുകളാണ് ഗവർണർ നൽകിയത്. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇത് ഉണ്ടാക്കും. സർവകലാശാലകൾ കാവിവത്ക്കരിക്കുകയാണ് ലക്ഷ്യം. പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിന് വിദ്യാഭ്യാസത്തെ ആയുധമാക്കുന്നുവെന്നും സർവകലാശാലകളെ സംഘപരിവാർ വേദികളാക്കി മാറ്റുന്നുവെന്നും മന്ത്രി ആരോപിച്ചു.
കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത 18 പേരിൽ ഒമ്പത് പേർ ബിജെപി പ്രതിനിധികളാണ്. സർവകലാശാലയുടെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് സെനറ്റിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകുന്നത്. നവംബർ 20 നാണ് ചാൻസലർ കൂടിയായ ഗവർണറുടെ സെക്രട്ടറി കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയച്ചത്.
സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് ബിജെപി അംഗത്തെ കൊണ്ടുവരാനാണ് ഒന്പത് ബിജെപി സെനറ്റ് അംഗങ്ങളെ ഗവർണർ നോമിനേറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. അധ്യാപകർ, കലാ പ്രവർത്തകർ, വ്യാപാരികൾ, വ്യവസായികൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, നിയമജ്ഞർ, സ്പോർട്സ് താരങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളെയാണ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്.