കൊച്ചി: മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞു. മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി അറിയിച്ചു. 2019 ജൂലൈയിൽ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനഡ് അഭിപ്രായം തേടിയിരുന്നു. 2022 നവംബർ 22 ന് രാജി മാർപ്പാപ്പയ്ക്ക് അയച്ചു. ഇപ്പോൾ മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കർദിനാൾ എന്ന നിലയിൽ ചുമതലകൾ തുടരുമെന്നും സന്തോഷത്തോടെയാണ് സ്ഥാനം ഒഴിയുന്നതെന്നും മാർ ആലഞ്ചേരി അറിയിച്ചു.
മേജർ ആർച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ താൽക്കാലിക ആർച് ബിഷപ്പാകും. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിൽ സിനഡ് തീരുമാനിക്കും. ആലഞ്ചേരി ഇനി മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അഡ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു.
രാജി തീരുമാനം സ്വയം എടുത്തതാണെന്ന് മാർ ജോർജ്ജ് ആലഞ്ചേരി വ്യക്തമാക്കി. 1997ലാണ് ആലഞ്ചേരി ബിഷപ്പായത്. തക്കല രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു. 2011ലാണ് ആലഞ്ചേരി ആർച്ച് ബിഷപ്പായി സ്ഥാനമേറ്റത്. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് ആൻഡ്രൂസ് താഴത്തും മാറും. പകരം പുതിയ ബിഷപ്പ് ബോസ്കോ പുത്തൂർ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കും.