'സഭയുടെ ഐക്യത്തിനായി പോരാടിയ ജീവിതം'; ജോർജ് ആലഞ്ചേരിക്ക് ഐക്യദാര്ഢ്യവുമായി ചങ്ങനാശേരി അതിരൂപത

'പ്രാദേശികവാദത്തിന്റെയും വാശിയുടെയും പേരിൽ ചില വൈദികർ മുന്നോട്ട് പോയി'

dot image

കൊച്ചി: സിറോ മലബാര് സഭാധ്യക്ഷ സ്ഥാനം ഒഴിഞ്ഞ മാർ ജോർജ് ആലഞ്ചേരിക്ക് ഐക്യദാര്ഢ്യവുമായി ചങ്ങനാശേരി അതിരൂപത. ചെയ്യാത്ത കാര്യത്തിന്റെ പേരിൽ ചില വൈദികരാൽ കാർഡിനൽ അപമാനിക്കപ്പെട്ടുവെന്നും ഇത്രത്തോളം അപമാനിക്കപ്പെട്ടൊരാൾ സഭയുടെ ചരിത്രത്തിലില്ലെന്നും സഹായ മെത്രാൻ തോമസ് തറയിൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. ജീവിതത്തിൽ ലാളിത്യമുള്ളയാളാണ് മാർ ജോർജ് ആലഞ്ചേരിയെന്നും ഒരു വൈദികനെതിരെയും അദ്ദേഹം നടപടി കൈക്കൊണ്ടിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.

പ്രാദേശികവാദത്തിന്റെയും വാശിയുടെയും പേരിൽ ചില വൈദികർ മുന്നോട്ട് പോയെന്നും ഇവർ സകല അതിരുകളും ലംഘിച്ചുവെന്നും തോമസ് തറയിൽ പറഞ്ഞു. 'അഭിവന്ദ്യ ആലഞ്ചേരി പിതാവിന് നന്ദി! സഭയുടെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി പോരാടിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സിറോ മലബാർ സഭക്ക് ഇന്ത്യ മുഴുവൻ ലഭിച്ച അജപാലന അവകാശങ്ങളുടെ പേരിലും ലോകമെമ്പാടും ലഭിച്ച രൂപതസംവിധാനങ്ങളുടെ പേരിലും 35 ൽ 34 രൂപതകളിലും ആരാധനക്രമം ഐക്യം കൈവരുത്താൻ സാധിച്ചതിന്റെ പേരിലും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.

ഒരു മേലധ്യക്ഷൻ എന്ന നിലയിൽ, ഒരിക്കലും ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ സ്വന്തം വൈദികരാൽ ഇത്ര മാത്രം അപമാനിക്കപ്പെട്ട ഒരാൾ സഭയുടെ ചരിത്രത്തിലില്ല. എന്നിട്ടും ആരുടേയും പേരിൽ അദ്ദേഹം ഒരു നടപടിയും എടുത്തില്ല. തന്റെ വൈദികർ എന്നെങ്കിലും സത്യം മനസിലാക്കി തിരിച്ചു വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. പ്രാദേശികവാദത്തിന്റെയും വാശിയുടെയും പേരിൽ അനുസരണവ്രതത്തിന്റെ സർവ സീമകളും ലംഘിച്ചിട്ടും മതിയാകാതെ അവർ മുമ്പോട്ട് പോകുമ്പോഴും അദ്ദേഹം അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടാകും.

സിറോ മലബാർ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഞാനറിയുന്ന അഭിവന്ദ്യ ആലഞ്ചേരി പിതാവ് ജീവിതത്തിൽ വലിയ ലാളിത്യം പുലർത്തുന്ന ആളാണ്. തന്റെ പക്കൽ സഹായം തേടി വരുന്നവരെ എപ്പോഴും അദ്ദേഹം അനുഗ്രഹിച്ചു. ഒരിക്കൽ കണ്ടവരെ പേരുചൊല്ലി വിളിക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വലിയൊരു സ്ഥാനത്തിരുന്ന് ഇക്കാലയളവിൽ അനുഭവിച്ച വേദനകളെ ശാന്തതയോടെ നേരിടാൻ അദ്ദേഹത്തിന് സാധിച്ചത് ആഴമായ ആത്മീയ പ്രഭകൊണ്ട് മാത്രമായിരുന്നു എന്ന് തിരിച്ചറിയുന്നു. അഭിവന്ദ്യ പിതാവേ, നന്ദി,' തോമസ് തറയിൽ പറഞ്ഞു.

'ടൂർ ഓപ്പറേറ്റർമാരെ സൂക്ഷിക്കണം'; ഹാജിമാർക്ക് ജാഗ്രത നിര്ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി

മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും മാർ ജോർജ് ആലഞ്ചേരി അറിയിക്കുകയായിരുന്നു. 2019 ജൂലൈയിൽ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനഡ് അഭിപ്രായം തേടിയിരുന്നു. 2022 നവംബർ 22 ന് രാജി മാർപ്പാപ്പയ്ക്ക് അയച്ചു. ഇപ്പോൾ മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കർദിനാൾ എന്ന നിലയിൽ ചുമതലകൾ തുടരുമെന്നും സന്തോഷത്തോടെയാണ് സ്ഥാനം ഒഴിയുന്നതെന്നും മാർ ആലഞ്ചേരി അറിയിച്ചു.മേജർ ആർച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ താൽക്കാലിക ആർച് ബിഷപ്പാകും.

dot image
To advertise here,contact us
dot image