റുവൈസും ഷഹനയും വിവാഹംകഴിക്കാൻ തീരുമാനിച്ചിരുന്നു, താങ്ങാനാവാത്ത സ്ത്രീധനം ചോദിച്ചു: ഷഹനയുടെ സഹോദരന്

'വാപ്പ പറയുന്നതിന് അപ്പുറം തനിക്ക് ഒന്നും ചെയ്യാൻ ഇല്ല എന്ന് റുവൈസ് ഷഹനയോട് പറഞ്ഞു.'

dot image

തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥിനി ഡോ. ഷഹനയുടെ മരണത്തില് റുവൈസിനും കുടുംബത്തിനും എതിരെ ഷഹനയുടെ കുടുംബം. അനുജത്തിക്ക് റുവൈസിനെ അത്രമേൽ ഇഷ്ടമായിരുന്നുവെന്നും റുവൈസിന്റെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട് സംസാരിച്ചിരുന്നുവെന്നും ഷഹനയുടെ സഹോദരന് ജാസിം റിപ്പോര്ട്ടറിനോട് പറഞ്ഞു. റുവൈസിന്റെ അച്ഛൻ കൂടുതൽ സ്ത്രീധനം ചോദിച്ചുവെങ്കിലും അത് പറ്റില്ല എന്ന് പറഞ്ഞു, ഇതോടെ റുവൈസ് ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും സഹോദരന് പറയുന്നു.

റുവൈസും ഷഹനയും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. വാപ്പ പറയുന്നതിന് അപ്പുറം തനിക്ക് ഒന്നും ചെയ്യാൻ ഇല്ല എന്ന് റുവൈസ് ഷഹനയോട് പറഞ്ഞു. റുവൈസ് പിന്മാറിയതോടെ ഷഹന മാനസികമായി തകർന്നു. റുവൈസ് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതാണെന്നും കുടുംബത്തിന് താങ്ങാൻ പറ്റുന്നതിനേക്കാള് സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയുടെ സഹോദരന് പറഞ്ഞു.

ഡോ. ഷഹനയുടെ ആത്മഹത്യ; സ്ത്രീധനം പ്രോത്സാഹിപ്പിക്കില്ല, ശക്തമായ നടപടി: ആരോഗ്യമന്ത്രി

സംഭവത്തില് ആരോപണ വിധേയനായ ജൂനിയർ ഡോക്ടർ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിൽ തീരുമാനമാകും. ഡോ. ഷഹനയുടെ വീട്ടുകാരുടെ മൊഴി അനുസരിച്ചാണ് ചോദ്യം ചെയ്യൽ. ഇതിനിടെ ഡോ. റുവൈസിനെ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി.

സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും സർക്കാർ ഗൗരവത്തോടെ ആണ് ഈ വിഷയത്തെ കാണുന്നതെന്നും ആരോഗ്യമന്ത്രി വീണാ ജോര്ജ് പറഞ്ഞു. ഇത് സംബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് അന്വേഷിച്ചു തയാറാക്കിയ റിപ്പോർട്ട് ഇന്ന് ലഭിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image