മാവോയിസ്റ്റ് വേട്ടയിൽ കൊമ്പ് കോർത്തു, പ്രതിപക്ഷ നേതാവിനെ പോലെ പ്രവർത്തിച്ചു; കാനമെന്ന വിമത ശബ്ദം

കായൽ കയ്യേറ്റ വിവാദത്തിൽ മുഖ്യമന്ത്രിയും സിപിഐഎമ്മും തോമസ് ചാണ്ടിക്കൊപ്പം നിന്നപ്പോൾ നാലു മന്ത്രിമാരെ മന്ത്രിസഭയിൽ പങ്കെടുപ്പിക്കാതെ പ്രതിഷേധിച്ച് മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ചു

dot image

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ വിമത ശബ്ദമായിരുന്നു അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റ് വേട്ട അടക്കമുള്ള പല വിഷയങ്ങളിലും സർക്കാരുമായി നേരിട്ട് കൊമ്പ് കോർത്തിട്ടുണ്ട് കാനം രാജേന്ദ്രൻ. മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ. പക്ഷേ എതിർക്കപ്പെടേണ്ട വിഷയങ്ങളിൽ സിപിഐ കാനം രാജേന്ദ്രനിലൂടെ പാർട്ടിയുടെ നിലപാട് പലപ്പോഴും ഉയർത്തിപ്പിടിച്ചു. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത നിലയിൽ ഒരു പ്രതിപക്ഷ നേതാവിനെ പോലെ കാനം പ്രവർത്തിച്ചു.

കേരളത്തിൽ മാവോയിസ്റ്റ് വേട്ടകൾ തുടരുമ്പോഴും മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയപ്പോഴും പരസ്യമായി എതിർക്കാൻ കാനം രാജേന്ദ്രന് ഒരു മടിയും ഉണ്ടായില്ല. യുഎപിഎ വകുപ്പ് ചുമത്തുന്നതിനെതിരെ പരസ്യമായി സർക്കാരുമായി ഏറ്റുമുട്ടി. കായൽ കയ്യേറ്റ വിവാദത്തിൽ മുഖ്യമന്ത്രിയും സിപിഐഎമ്മും തോമസ് ചാണ്ടിക്കൊപ്പം നിന്നപ്പോൾ നാലു മന്ത്രിമാരെ മന്ത്രിസഭയിൽ പങ്കെടുപ്പിക്കാതെ പ്രതിഷേധിച്ച് മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ചു.

വാക്കുകളിൽ മിതത്വം, തിരുത്തൽ ശക്തിയായി സിപിഐയെ നയിച്ചു; രാഷ്ട്രീയകേരളത്തിന് കാനം ആരായിരുന്നു?

എതിർക്കേണ്ട വിഷയങ്ങളിൽ പരസ്യമായ പ്രതികരണം നടത്തുമ്പോഴും മുന്നണിയുടെ കെട്ടുറപ്പിനെ അതൊന്നും ബാധിച്ചില്ല. ഗവർണർ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ സിപിഐഎം നേതാക്കൾക്ക് പോലും പറയാൻ പറ്റാത്ത അതിരൂക്ഷമായ വാക്കുകളാണ് കാനം രാജേന്ദ്രൻ ഗവർണർക്കെതിരെ പ്രയോഗിച്ചത്. സർക്കാരും സിപിഐഎമ്മും ഒരു ചുവട് പിറകോട്ട് പോകുന്ന വിഷയങ്ങളിൽ മുന്നോട്ട് ആക്രമിക്കാൻ കാനം രാജേന്ദ്രൻ എന്നും മുന്നിൽ ഉണ്ടായിരുന്നു.

കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ സമയക്രമത്തിൽ മാറ്റം, നാല് മന്ത്രിമാർ പങ്കെടുക്കില്ല

പ്രകാശ് കാരാട്ട് തന്നെ സിപിഐഎം സമ്മേളനത്തിൽ കാനം ഒരു പ്രതിപക്ഷ നേതാവിനെ പോലെ പെരുമാറുന്നു എന്ന് പറയുന്ന സ്ഥിതി വരെ എത്തി. എതിർപ്പുകൾ ആവശ്യമുള്ള സമയത്ത് ഉയർത്തുമ്പോഴും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത നിലയിൽ എൽഡിഎഫിനെ മുന്നോട്ട് കൊണ്ടുപോകാനും കാനത്തിന് കഴിഞ്ഞിരുന്നു.

dot image
To advertise here,contact us
dot image