പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേത് അപ്രതീക്ഷിത വിടപറയലാണെന്ന് സിപിഐഎം നേതാവ് എകെ ബാലന്. ഇടതുപക്ഷത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് ഐക്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശ്രമിച്ച നേതാവാണ് കാനം. സിപിഐ-സിപിഐഎം വൈരുദ്ധ്യം ഇല്ലാതായത് കാനത്തിന്റെ ഇടപെടല് മൂലമാണ്. അതിരപ്പള്ളി പദ്ധതിയില് കാനവുമായി ഏറ്റുമുട്ടേണ്ടി വന്നു. എന്നാല് അത് പിന്നീട് അദ്ദേഹം കാണിച്ചില്ല. അന്തസുള്ള കമ്മ്യൂണിസ്റ്റായിരുന്നു. സിപിഐ-സിപിഐഎം പ്രവര്ത്തകരുടെ ഐക്യത്തിന് കാരണം കാനമായിരുന്നുവെന്നും എകെ ബാലന് പറഞ്ഞു.
ഹൃദയാഘാതത്തെത്തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാല് പാര്ട്ടിയില് നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില് പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല് മോശമാക്കി. കാലിലുണ്ടായ മുറിവുകള് കരിയാതിരിക്കുകയും അണുബാധയെ തുടര്ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ കാനം സ്വദേശി വി കെ പരമേശ്വരന് നായരുടെ മകനായി 1950 നവംബര് 10ന് ജനിച്ച രാജേന്ദ്രന് എഴുപതുകളില് വിദ്യാര്ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്ത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര് നിയോജകമണ്ഡലത്തില് നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1982ലും 1987ലുമായിരുന്നു അത്. ആദ്യം എം കെ ജോസഫിനെയും പിന്നീട് പി സി തോമസിനെയുമാണ് തോല്പിച്ചത്. 1991ല് രാജീവ്ഗാന്ധി വധത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥിയോട് പരാജയപ്പെട്ടു. പിന്നീടു രണ്ടു തവണ കൂടി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1996ല് കെ നാരായണക്കുറുപ്പിനോടും 2006ല് അദ്ദേഹത്തിന്റെ മകന് എന് ജയരാജിനോടും പരാജയപ്പെട്ടു.
2015 മുതല് സിപിഐ സംസ്ഥാന സെക്രട്ടറി ആയി. എഐടിയുസി സംസ്ഥാന സെക്രട്ടറി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള് കൈകാര്യം ചെയ്തിട്ടുണ്ട്.