കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യ മൊഴിയിൽ തന്നെ ഉറച്ച് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു പറയുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ തന്നെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പിടിയിലായ ദിവസം പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തോട് പ്രതികൾ ആവർത്തിക്കുന്നത്. ഇന്നലെ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചത് മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയും തുടർന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യൽ.
സംഭവത്തിൽ ഒന്നാം പ്രതി പത്മകുമാറിനേക്കാൾ പങ്ക് ഇയാളുടെ ഭാര്യ അനിതയ്ക്ക് ആണെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നതെന്നാണ് സൂചന. അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിനൊപ്പം മകൾ അനുപമയും ചേരുകയായിരുന്നു. ഡിഐജി ആർ നിശാന്തിനിയും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ചോദ്യം ചെയ്യൽ ഇന്ന് ഉച്ചയ്ക്ക് മുമ്പായി പൂർത്തിയായേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഉച്ചകഴിഞ്ഞ് പ്രതികളെ തെളിവെടുപ്പിനായ് കൊണ്ടുപോകും. തമിഴ്നാട്ടിൽ പ്രതികൾ താമസിച്ച ഹോട്ടലിലും ആഹാരം കഴിച്ച ഭക്ഷണശാലയിലുമാണോ അതോ കുട്ടിയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ച പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണോ ആദ്യം തെളിവെടുപ്പിനായി കൊണ്ടുപോവുക എന്ന കാര്യം വ്യക്തമല്ല. ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ച് ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
ഏകീകൃത കുർബാന; വത്തിക്കാൻ നടപടിയെ ചോദ്യം ചെയ്ത് എറണാകുളം അതിരൂപതയിലെ അൽമായ മുന്നേറ്റ സംഘടന