'എതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദമാക്കുന്ന ഫാസിസ്റ്റ് രീതി'; മഹുവയെ പുറത്താക്കിയതിൽ കുഞ്ഞാലിക്കുട്ടി

'ഇതേ രീതിയിലാണ് രാഹുൽ ഗാന്ധിയെയും പുറത്തിരുത്തിയത്'

dot image

കോഴിക്കോട്: ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ ലോക്സഭയിൽ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയതിൽ പ്രതികരിച്ച് മുസ്ലിം ലീഗ്. മഹുവ മൊയ്ത്രയെ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശ്ശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സർക്കാർ പ്രയോഗിക്കുന്നത്. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് കാടത്തമാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ഇതേ രീതിയിലാണ് രാഹുൽ ഗാന്ധിയെയും പുറത്തിരുത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂർണ്ണ പിന്തുണയെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. മഹുവ മൊയ്ത്രക്ക് സംസാരിക്കാൻ അനുമതി നൽകണം എന്ന് തൃണമൂൽ കോൺഗ്രസും മഹുവയെ സംസാരിക്കാൻ അനുവദിക്കണമെന്ന് അധിർ രഞ്ജൻ ചൗധരിയും ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. നടപടിയെടുക്കുമ്പോൾ സ്വാഭാവിക നീതി ഉറപ്പാക്കണമെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ ആവശ്യം.

തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്ന് നടപടിക്ക് ശേഷം മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നു. തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും തെരുവിലും പോരാട്ടം തുടരും. അദാനിയുടെ 30,000 കോടി അഴിമതിക്കെതിരെ എന്തു നടപടിയാണ് സിബിഐ എടുത്തതെന്നും മഹുവ ചോദിച്ചു.

'ഡാനിഷ് അലിക്കെതിരായ രമേഷ് ബിധൂരിയുടെ പരാമർശത്തിൽ നടപടികളൊന്നുമെടുത്തില്ല. എന്നെ പുറത്താക്കാൻ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും നിങ്ങൾക്ക് അദാനി എത്ര വേണ്ടപ്പെട്ടവനാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തു. എനിക്കെതിരായ നടപടി കമ്മിറ്റിയുടെ അധികാരത്തിന് പുറത്താണ്. ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്. തിരിച്ചുവരും, നിങ്ങളുടെ അവസാനം കാണും,' മഹുവ പറഞ്ഞു. ഒപ്പം നിന്ന ഇൻഡ്യ മുന്നണിക്ക് മഹുവ മൊയ്ത്ര നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us