തിരുവനന്തപുരം: അധ്വാന വർഗത്തിന്റെ കഷ്ടതകൾ നേരിൽ കണ്ടു രാഷ്ട്രീയത്തിലെത്തിയ വ്യക്തിയായിരുന്നു കാനം രാജേന്ദ്രനെന്ന് ഗതാഗത വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായം നേരിൽ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചിരുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും വ്യക്തി ബന്ധം പുലർത്തിയ നേതാവും തൊഴിലാളി വർഗത്തിന്റെ യഥാർത്ഥ പ്രതിനിധിയുമായിരുന്നു കാനം രാജേന്ദ്രനെന്നും അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇടുക്കിയിലെ ഭൂ വിഷയങ്ങളിൽ അടക്കം ജനകീയ വിഷയങ്ങളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും റോഷി അഗസ്റ്റിൻ ഓർമ്മിച്ചു. വർഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ കാനത്തിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമാണ്. ട്രേഡ് യൂണിയൻ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ടീയത്തിനു നികത്താനാകാത്ത നഷ്ടമാണ്. പ്രിയപ്പെട്ട കാനത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കു ചേരുന്നുവെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
'നേതൃത്വനിരയിൽ പക്വമായ സമവായ സംഭാഷണത്തിന്റെ മുഖം'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് എ എൻ ഷംസീർഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും കാനത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ (73) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.