കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ കേരളത്തിന് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മികച്ച സംഘടനാപാടവമുള്ള ഏറെ അനുഭവ സമ്പത്തുള്ള നേതാവിനെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നഷ്ടമായത് എന്ന് അദ്ദേഹം പറഞ്ഞു. അസുഖ ബാധിതനായിരുന്ന സമയം അദ്ദേഹത്തെ കാണാൻ പോയിരുന്നു. എത്രയും വേഗം സുഖം പ്രാപിച്ച് തിരികെയെത്തുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. കാനം രാജേന്ദ്രന്റെ വിയോഗ വാർത്ത കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു.
'സഖാവ് കാനം രാജേന്ദ്രന്റെ നഷ്ടം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആകെയും ഒരു വലിയ നഷ്ടമാണ്. ഏറ്റവും അനുഭവ സമ്പത്തുള്ള നേതാവിനെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നഷ്ടമായത്. വളരെ ചെറിയ പ്രായത്തിൽ തന്ന കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടനായി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില് ഉയർന്ന പദവികള് വഹിച്ച, ത്യാഗോജ്വലമായ ജീവിതം നയിച്ച, ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു കാനം രാജേന്ദ്രൻ. അദ്ദേഹം രോഗബാധിതനായി കാല് മുറിച്ചു മാറ്റിയതിന് പിന്നാലെ ഞാൻ അദ്ദേഹത്തെ കാണാൻ പോയിരുന്നു. അന്ന് ഏറെ നേരം സംസാരിച്ചു. അപ്പോഴൊന്നും രോഗത്തിന്റെ അവശതകള് അദ്ദേഹത്തെ തളർത്തിയിരുന്നില്ല. അന്ന് യാത്രപിരിയുമ്പോൾ വേഗം സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പെട്ടെന്ന് അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു,' ഇ പി ജയരാജൻ പറഞ്ഞു.
കാനം രാജേന്ദ്രന് വിട; മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും; വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനംഅദ്ദേഹം നല്ല സംഘടനാ പാടവമുണ്ടായിരുന്ന, കമ്മ്യൂണിസത്തെക്കുറിച്ചും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളെക്കുറിച്ചും നല്ല അവബോധമുള്ള നേതാവായിരുന്നു. അതുകൊണ്ട് തന്നെയാണ് കേരളത്തിന് ഏറെ വിലപ്പെട്ട സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചത്. ഈ നഷ്ടം അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല, കേരളത്തിന് മുഴുവനായുള്ളതാണ് എന്നും ഇ പി ജയരാജൻ പറഞ്ഞു.