തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹുമായുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് തിരിച്ചു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസ്സിലാണ് റോഡ് മാർഗ്ഗം വിലാപയാത്ര നീങ്ങുക. കേരളമങ്ങോളമിങ്ങോളം ഉള്ള സിപിഐ നേതാക്കളും പ്രവർത്തകരുമാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി തിരുവനന്തപുരത്ത് എത്തിയത്. സിപിഐ ആസ്ഥാനമായ പി എസ് സ്മാരക മന്ദിരത്തിലായിരുന്നു പൊതുദർശനം.
കോട്ടയത്ത് സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ. മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം, നാട്ടകം എന്നിവിടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നു പോകുന്നത്. രാത്രി 9 മണിയോടെ സിപിഐ കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിൽ മൃതദേഹം എത്തിക്കും. അവിടെ പൊതുദർശനത്തിന് ശേഷം കാനത്തെ വസതിയിലെത്തിക്കും.
രാവിലെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന മൃതദേഹം സ്വകാര്യ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് ഇന്നത്തെ നവകേരള സദസ് പൂർണ്ണമായും ഒഴിവാക്കി. സംസ്കാര ചടങ്ങുകൾക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് പുനരാരംഭിക്കും.
വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചായിരുന്നു കാനം രാജേന്ദ്രൻ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
'ഉത്തമനായ കമ്മ്യൂണിസ്റ്റ്'; കാനം രാജേന്ദ്രന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് ഇ പി ജയരാജൻ