തിരുവനന്തപുരം: ഡോ ഷഹന ആത്മഹത്യ ചെയ്ത കേസില് അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം സ്പെഷ്യല് അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീധന പ്രശ്നത്തെ തുടര്ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തില് തിരുവനന്തപുരം മെഡിക്കല് കോളേജിലെ പിജി വിദ്യാര്ഥിനി ഡോ. ഷഹന ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ റുവൈസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. ഷഹനയുടെ മരണത്തില് ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേർത്താണ് ഡോക്ടര് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 21വരെയാണ് റുവൈസിന്റെ റിമാന്ഡ് കാലാവധി.
ഡോ. ഷഹനയുടെ ആത്മഹത്യ; 'പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവും', റിമാന്ഡ് റിപ്പോര്ട്ട് പുറത്ത്ഷഹനയെ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടില് പറയുന്നു. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടതാണ് ഷഹനയുടെ മരണത്തിന് ഇടയാക്കിയത്. പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് റിമാൻഡ് റിപ്പോർട്ടില് വ്യക്തമാക്കുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)