കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്ത് ആയിരുന്നു ഒടുവിൽ തെളിവെടുപ്പ് നടത്തിയത്. പ്രതി അനിത കുമാരി കുട്ടിയെ ഉപേക്ഷിച്ച സ്ഥലവും മാറിനിന്ന് കുട്ടിയെ നിരീക്ഷിച്ച സ്ഥലവും പോലീസിന് കാണിച്ചുകൊടുത്തു. പത്മകുമാറിനെയും അനുപമയെയും വാഹനത്തിൽ നിന്ന് ഇറക്കിയില്ല.
പ്രതികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥലത്തും ഓട്ടോ വിളിച്ച സ്ഥലത്തും കുട്ടിയെ ഉപേക്ഷിച്ച ആശ്രമം മൈതാനത്തും എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് നടക്കുന്ന ഇടങ്ങളിൽ എല്ലാം തന്നെ വലിയ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച ചാത്തന്നൂരിലെ വീട്ടിലും മോചന ദ്രവ്യം ആവശ്യപ്പെടാൻ ഫോൺ കൈവശപ്പെടുത്തിയ പാരിപ്പള്ളിയിലെ കടയിലും പ്രതികൾ ഒളിവിൽ കഴിഞ്ഞ തമിഴ്നാട്ടിലുമടക്കം തെളിവെടുപ്പ് പൂർത്തീകരിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ പ്ലേറ്റിന്റെ ഭാഗങ്ങൾ കണ്ടെത്തിപ്രതികൾ കുട്ടിയുടെ സ്കൂൾ ബാഗ് കത്തിച്ചിരുന്നു. ഇവിടെയും പൊലീസ് തെളിവെടുപ്പ് നടത്തി. പെൻസിൽ ബോക്സ് ദൂരേക്ക് എറിഞ്ഞ നിലയിൽ പൊലീസ് കണ്ടെടുത്തു. രക്ഷപ്പെടാനായി തമിഴ്നാട്ടിലേക്കുള്ള യാത്രാമധ്യേ വ്യാജ നമ്പർ പ്ലേറ്റ് കഷണങ്ങളാക്കി ഇവർ ഉപേക്ഷിച്ചിരുന്നു. ഇതും പോലീസ് കണ്ടെടുത്തു. കേസിൽ തെളിവെടുപ്പ് എല്ലാം പൂർത്തിയായി. അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്. വ്യാഴാഴ്ച പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കും.