തിരുവനന്തപുരം: ചെറിയതുറയിലെ വായ്പാ തട്ടിപ്പ് കേസിൽ പൊലീസിനെതിരെ പരാതിയുമായി തട്ടിപ്പിനിരയായ വീട്ടമ്മമാർ. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കുന്നുവെന്നാണ് ആരോപണം. പരാതിയിൽ നിന്നും പിന്മാറാൻ പ്രതികൾ സമ്മർദ്ദം ചെലുത്തുന്നതായും വീട്ടമ്മമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. സ്വയം സഹായ സംഘങ്ങളുടെ പേരിലെടുത്ത 25 ലക്ഷം രൂപയുടെ വായ്പയാണ് പ്രതികൾ തട്ടിയെടുത്തത്.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് തട്ടിപ്പിനിരയായ വീട്ടമ്മമാർ പൊലീസിനെതിരെ തിരിഞ്ഞത്. ചെറിയതുറയിലെ വായ്പാ തട്ടിപ്പിൽ അഞ്ച് പേരെ പ്രതിചേർത്ത് കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. തട്ടിപ്പിലെ മുഖ്യകണ്ണി ഗ്രേസി എന്ന ഡെയ്സി ജോസഫ്, ഇന്ത്യൻ ബാങ്ക് മാനേജർ രാജേഷ് ഉൾപ്പെടെ ഒരാളെ പോലും ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം വൈകിപ്പിച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കുന്നു എന്നാണ് വീട്ടമ്മമാർ ഉന്നയിക്കുന്ന പ്രധാന ആരോപണം.
തിരുവനന്തപുരം ചെറിയതുറയിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ബാങ്ക് വായ്പയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്ആദ്യഘട്ടത്തിൽ വലിയതുറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ പോലും തയ്യാറായില്ല. പിന്നീട് ഡിസിപി നിധിൻരാജിന്റെ ഇടപെടലിന് തുടർന്നാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. പരാതി പിൻവലിക്കാൻ പ്രതികളുടെ സംഘം സമ്മർദ്ദം ചെലുത്തുന്നതായും വീട്ടമ്മമാർ ആരോപിച്ചു.
സ്വയം സഹായ സംഘത്തിൻറെ പേരിൽ വീട്ടമ്മമാരെടുത്ത വായ്പ തുകയായ 25 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇടപാടിന്റെ രേഖകൾ ബാങ്കിൽ നിന്നും കോർപ്പറേഷനിൽ നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വായ്പാതുക തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തട്ടിപ്പിനിരയായ വീട്ടമ്മമാർ ആശങ്കയിലാണ്. വായ്പാതുക കൈപ്പറ്റിയില്ലെങ്കിലും തിരിച്ചടക്കേണ്ടത് വീട്ടമ്മമാരാണെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബാങ്ക്.