'സുനിൽ കനഗോലുവിനെ യുഡിഎഫ് കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ'; മുഹമ്മദ് റിയാസ്

2014 ൽ രാജ്യത്ത് നരേന്ദ്ര മോഡിയുടെ സർക്കാർ അധികാരത്തിൽ വരുന്നതിന് പിന്നണിയിൽ പ്രവർത്തിച്ചത് കനഗോലു

dot image

കോട്ടയം: കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി യുഡിഎഫ് ഒരു ഇലക്ഷൻ ഇവെൻ്റ്മാനേജ്മെൻ്റ് തലവനെ കൊണ്ടുവന്നിട്ടുണ്ട്. ആ തലവൻ്റെ പേര് സുനിൽ കനഗോലു എന്നാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കനഗോലു ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പ് മാനേജ്മെൻ്റ് പ്രവർത്തനം നടത്തുന്നത്. 2014 ൽ രാജ്യത്ത് നരേന്ദ്ര മോഡിയുടെ സർക്കാർ അധികാരത്തിൽ വരുന്നതിന് പിന്നണിയിൽ പ്രവർത്തിച്ചത് കനഗോലുവാണ്. രാജ്യത്ത് 30 വർഷത്തിനു ശേഷമാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഒരു സർക്കാർ അധികാരത്തിലെത്തുന്നത്. ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തു എന്ന് ലോകം മുഴുവൻ അറിയുന്ന ബിജെപിയുടെ നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയതും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനും പിന്നിൽ പ്രവർത്തിച്ചതും നേതൃത്വം നൽകിയതും കാനഗോലുവാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

2017 ൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കാനും ബിജെപിയെ അധികാരത്തിൽ എത്തിക്കാനും വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതും സുനിൽ കനഗോലുവാണ്. യോഗി ആദിത്യനാഥിന്റെ ചെവിയിൽ തന്ത്രങ്ങൾ മന്ത്രിച്ചു നൽകിയത് കനഗോലുവാണ്. അധികാരത്തിൽ വരണമെങ്കിൽ വർഗീയ കലാപങ്ങൾ ഉണ്ടാകണം, വർഗീയ ധ്രുവീകരണങ്ങൾ ഉണ്ടാകണം എന്നതെല്ലാം കനഗോലു തന്ത്രമാണ്. മുസഫർ നഗർ കലാപം പോലെയുള്ള ഉത്തർ പ്രദേശിലെ കലാപങ്ങൾ നമ്മുടെ മുൻപിലുണ്ട്. പാവപ്പെട്ട മുസൽമാനെയും ക്രൈസ്തവനെയും ഇരയാക്കി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയ വ്യക്തിയാണ് സുനിൽ കനഗോലു. അദ്ദേഹത്തിൻ്റെ കൈകളിൽ നിന്നും ആ ചോരക്കറ മാഞ്ഞിട്ടില്ല. ആ സുനിൽ കനഗോലുവിനെയാണ് കെപിസിസി യുടെ നിർവ്വാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി ഇരുത്തിയത്. ആത്മാഭിമാനമുള്ള, മതനിരപേക്ഷ മനസ്സുള്ള കോൺഗ്രസിൻ്റെ പ്രവർത്തകർ ഇങ്ങനെ ഈ വിഷയത്തെ കാണുന്നുവെന്നും എന്താണ് മുസ്ലിം ലീഗിന് ഈ വിഷയത്തെ കുറിച്ചുള്ള അഭിപ്രായമെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

തലയിൽ വെള്ളതൊപ്പി ധരിച്ചതിന് കൊലചെയ്യപ്പെട്ട മുസൽമാൻമാർ, ക്രിസ്തുമസ് ആഘോഷിച്ചതിന് ആക്രമത്തിന് ഇരയായ ക്രൈസ്തവ സഹോദരന്മാർ, അവരെ ആക്രമിക്കാൻ വേണ്ടി എല്ലാ ഉപദേശവും നൽകി, അതിനു നേതൃത്വം കൊടുക്കാൻ ബിജെപിയെ സജ്ജമാക്കിയ സുനിൽ കനഗോലു ആണ് ഇന്ന് കേരളത്തിലെ കോൺഗ്രസിൻ്റെ ഉപദേഷ്ടാവെന്നും റിയാസ് വിമർശനം ഉന്നയിച്ചു.

ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി എല്ലാ ശ്രമവും പയറ്റുമ്പോൾ അത് ഏറ്റുപിടിക്കൻ മൂന്ന് പ്രധാന ഓഫീസുകളാണ് നമ്മുടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഒന്ന്, ബിജെപിയുടെ സംസ്ഥാന കാര്യാലയം. കേരളത്തിലെ ഗവർണറുടെ ഓഫീസാണ് രണ്ടാമത്തേത്. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയുടെയും ആർഎസ്സിൻ്റെയും രാഷ്ട്രീയം പയറ്റാൻ വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ ഓഫീസ് കെപിസിസി ഓഫീസാണ്. ഈ മൂന്ന് ഓഫീസുകൾ ആണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ പ്രവർത്തിക്കുന്നത്.

ഉത്തർപ്രദേശിലും, മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും പാവപ്പെട്ട ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്ത അധികാര കസേരയിൽ ബിജെപിയെ ഇരുത്തിയ സുനിൽ കനഗോലു അല്ല, അതിലും വലിയ കൊലു വന്നാലും കേരളത്തിലെ ഇടതുപക്ഷ സർക്കാർ കുതിച്ച് തന്നെ മുന്നോട്ട് പോകും. അതിനു ജനങ്ങൾ കൂടെയുണ്ട് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us