കെആർഎഫ്ബിക്ക് കീഴിലെ വ്യാജരേഖചമച്ചുള്ള കരാർ നിയമനം നീട്ടൽ; ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

വ്യാജരേഖ ചമച്ചുള്ള കരാർ നീട്ടിനൽകൽ റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്

dot image

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് കരാർ നിയമനം നീട്ടി നൽകിയ സംഭവത്തിൽ ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. റോഡ് ഫണ്ട് ബോർഡ് ഓഫീസിൽ നിന്നാണ് പിരിച്ചുവിട്ടത്. കരാർ റദ്ദാക്കിയതായി പൊതുമരാമത്ത് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. വ്യാജരേഖ ചമച്ചുള്ള കരാർ നീട്ടിനൽകൽ റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. ജോലിക്കാരിയുടെ വ്യാജരേഖയിൽ ഒപ്പുവെച്ച സിഇഒക്കെതിരെ നടപടിയെടുത്തിട്ടില്ല. ജീവനക്കാരിയെ പുറത്താക്കിയെങ്കിലും സിഇഒ അതേ പദവിയിൽ തുടരുകയാണ്. ഉത്തരവുകൾ മറികടന്നാണ് കരാർ നീട്ടാനുള്ള മുദ്രപത്രത്തിൽ സിഇഒ ഒപ്പിട്ടത്. ഇതിനിടെ ജീവനക്കാരിയെ മാത്രം പിരിച്ചുവിട്ട് വിഷയം ഒതുക്കി തീർത്ത് കൈ കഴുകാൻ നീക്കമെന്നാണ് പരാതി ഉയരുന്നത്. പൊതുമരാമത്ത് വകുപ്പിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യാജരേഖ ചമച്ച് നീട്ടിയ കരാർ നിയമനം റിപ്പോർട്ടർ വാർത്തയെ തുടർന്ന് റദ്ദാക്കിയിരുന്നു. കരാർ നീട്ടി കൊടുത്തതിൽ വിശദീകരണം ചോദിച്ചെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോർട്ടറിനോടു പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് ഫണ്ട് ബോർഡിൽ നടന്ന ക്രമക്കേട് റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നത്. റോഡ് ഫണ്ട് ബോർഡിലെ കരാർ ജീവനക്കാരിയായ രമ്യയുടെ കരാർ കാലാവധി കഴിഞ്ഞപ്പോൾ വ്യാജ രേഖ ചമച്ച് രണ്ടുവർഷത്തേക്ക് കരാർ നീട്ടുകയായിരുന്നു. റോഡ് ഫണ്ട് ബോർഡിലെ മറ്റ് മുപ്പതിലധികം വരുന്ന കരാർ ജീവനക്കാർക്ക് നീട്ടിക്കൊടുക്കാതെ ഒരാൾക്ക് മാത്രമായി റോഡ് ഫണ്ട് സിഇഒ എം അശോക് കുമാർ കരാർ നീട്ടി നൽകുകയായിരുന്നു. ഒരു വർഷത്തേക്ക് നീട്ടാനുള്ള നടപടി പൂർത്തിയാക്കിയ ശേഷം ജീവനക്കാരി രമ്യയും സിഇഒ എം അശോക് കുമാറും മാത്രം അറിഞ്ഞാണ് സർക്കാർ മുദ്രപത്രം ദുരുപയോഗം ചെയ്ത് ഒരു വർഷം എന്നത് രണ്ട് വർഷമാക്കി എഴുതി ചേർത്ത് കരാർ പുതുക്കിയത്. ലീവ് സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങളും രമ്യ തട്ടിയെടുത്തു.

Reporter Impact:വ്യാജരേഖ ചമച്ച് കരാർ നീട്ടിയ സംഭവം;നിയമനം റദ്ദാക്കി, വിശദീകരണം ചോദിച്ചെന്നും മന്ത്രി

രണ്ട് വർഷത്തിൽ കൂടുതൽ കരാർ നിയമനത്തിൽ ജോലി ചെയ്യുന്നവരുടെ കരാർ പുതുക്കണമെങ്കിൽ സർക്കാർ അനുമതി നേടണമെന്ന മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു സിഇഒ എം അശോക് കുമാർ രമ്യ എന്ന ജീവനക്കാരിക്ക് മാത്രമായി കരാർ രണ്ട് വർഷത്തേക്ക് നീട്ടി നൽകിയത്. സംഭവം റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നതിനെ പിന്നാലെ കരാർ റദ്ദാക്കിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ജീവനക്കാരിയിൽ നിന്ന് വിശദീകരണം നേടിയതായും മന്ത്രി പറഞ്ഞു. എന്നാൽ വ്യാജ രേഖ ചമച്ചതിന് പൊലീസിൽ പരാതി നൽകുന്നതിനെക്കുറിച്ചോ സർക്കാർ മുദ്രപത്രത്തിൽ വ്യാജമായി എഴുതിച്ചേർത്തതിൽ ഒപ്പിട്ട സിഇഒയ്ക്ക് എതിരെ എന്ത് നടപടി എടുത്തെന്നോ മന്ത്രി വിശദീകരിക്കുന്നുമില്ല.

കേരളത്തിൽ പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദം; ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തി
dot image
To advertise here,contact us
dot image