ആലപ്പുഴ: ആലപ്പുഴയില് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവർത്തകരെ മര്ദ്ദിച്ച ഗൺമാനെയും അംഗരക്ഷകരേയും ന്യായീകരിച്ച് മുഖ്യമന്ത്രി. വാഹനത്തിന് മുന്നിൽ ചിലർ ചാടി വീണു. അവരെ തടയുന്നത് കണ്ടു. പൊലീസുകാരാണ് തടഞ്ഞതെന്നും തന്റെ അംഗരക്ഷകര് തനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷരും ചേർന്ന് കെ എസ് യു പ്രവർത്തകരെ വളഞ്ഞിട്ട് അക്രമിച്ചിരുന്നു.
ചില മാധ്യമങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും നാടിന്റെ പൊതു താല്പര്യത്തിന് വിരുദ്ധരായി നിൽക്കുന്ന പ്രതിപക്ഷത്തെ വിമർശിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നടപടികള്ക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയില് വരെ പോയിരിക്കുകയാണ്. വിഷയത്തില് സംസ്ഥാനത്തിനു വേണ്ടി ഒന്നിച്ചു നില്ക്കണമെന്ന് എല്ലാവരോടും അഭ്യര്ഥിച്ചിരുന്നു. പ്രതിപക്ഷത്തോട് പ്രത്യേകം അഭ്യര്ഥിച്ചിരുന്നു. എന്നാല് നിങ്ങളുമായി ഒരു യോജിപ്പുമില്ല എന്നായിരുന്നു ഇതിനോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതാണോ സ്വീകരിക്കേണ്ട സമീപനം. ഇത് നാടിന്റെ പ്രശ്നമല്ലേ, നാടിനു വേണ്ടിയല്ലേ? ഏതെങ്കിലും ഒരു മുന്നണിക്കുവേണ്ടിയല്ലല്ലോ. കേരളത്തിന് അര്ഹതപ്പെട്ട 107500 കോടി രൂപയോളമാണ് കിട്ടാനുള്ളത്. ഇതിന് വേണ്ടി പ്രതിപക്ഷം സര്ക്കാരിനൊപ്പം നില്ക്കേണ്ടതല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളി;കെഎസ്യുപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഗൺമാനും അംഗരക്ഷകരുംനവകേരള സദസ്സിന്റെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാവും. കായംകുളം , മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലെത്തിയതിന് ശേഷം ഇന്ന് വൈകിട്ട് പന്ത്രണ്ടാമത്തെ ജില്ലയായ പത്തനംതിട്ടയിലേക്ക് നവകേരള സദസ്സ് പ്രവേശിക്കും. ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലേക്ക് എത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും എതിരെ വ്യാപക പ്രതിഷേധമാണ് ഇന്നലെ നടന്നത്. കൈതവനയിൽ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകർ ഇന്നലെ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി സെക്രട്ടറി എം ജെ ജോബിന്റെ വീട് ഒരു സംഘം ആളുകൾ ചേർന്ന് അടിച്ച് തകർത്തു. കരിങ്കൊടി പ്രതിഷേധം നടത്തിയതിന് 50 ൽ അധികം പേർക്കെതിരെയും വീട് ആക്രമിച്ചതിന്റെ പേരിൽ ഒരാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.