തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതിനെതിരെ പരസ്യ വിമര്ശനവുമായി മുതിര്ന്ന നേതാവ് കെ ഇ ഇസ്മായില്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബിനോയ് വിശ്വത്തെ ധൃതി പിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്ന് കെ ഇ ഇസ്മായിൽ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലബിനോയ് വിശ്വം മികച്ച സഖാവാണ്. നല്ല സംഘാടകനാണ്. എന്നാൽ ബിനോയ് വിശ്വത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കാനത്തിന്റെ കത്ത് ഞങ്ങൾ കണ്ടിട്ടില്ല. പാർട്ടിയുടെ കീഴ്വഴക്കം ലംഘിച്ചെന്ന സംശയം പ്രവർത്തകർക്കുള്ളതുപോലെ വ്യക്തിപരമായി തനിക്കുമുണ്ട്. സെക്രട്ടറിയെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ദേശീയ നേതൃത്വം ചർച്ചകൾക്ക് ശേഷം സെക്രട്ടറിയെ നിയമിച്ചാൽ മതിയായിരുന്നുവെന്നും കെ ഇ ഇസ്മായിൽ കൂട്ടിച്ചേർത്തു.
എൽഡിഎഫാണ് ശരി;സിപിഐഎം - സിപിഐ ബന്ധം നിർണായകം,അത് ഊട്ടിയുറപ്പിക്കുമെന്നും ബിനോയ് വിശ്വംകാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്നാണ് ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയത്. കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലായിരുന്നു തീരുമാനമെടുത്തത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് അവധി എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകാൻ ശിപാർശ ചെയ്തിരുന്നു. കാനം രാജേന്ദ്രൻ അന്തരിച്ചതിന് പിന്നാലെ കത്ത് കൂടി പരിഗണിച്ച് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകുകയായിരുന്നു.