സ്വാഭാവിക അണ്ഡോൽപ്പാദനം നടക്കാത്തവര്ക്ക് ദാതാവിന്റെ അണ്ഡമുപയോഗിച്ച് വാടകഗർഭധാരണം നടത്താന് അനുമതി

മൂന്ന് ദമ്പതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്

dot image

കൊച്ചി: ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ സ്വാഭാവിക അണ്ഡോൽപ്പാദനം നടത്താൻ കഴിയാത്തവർക്ക് ദാതാവിന്റെ അണ്ഡം ഉപയോഗിച്ച് വാടക ഗർഭധാരണത്തിന് അനുമതി നൽകി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2022ലെ വാടക ഗർഭധാരണ നിയന്ത്രണ ചട്ടങ്ങളിൽ 2023ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് മൂന്ന് ദമ്പതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

വാടക ഗർഭധാരണത്തിന് വിധേയരാകാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് ദാതാക്കളുടെ അണ്ഡം ഉപയോഗിക്കാൻ 2022ലെ ചട്ടം അനുവദിച്ചിരുന്നു. എന്നാൽ, വാടക ഗർഭധാരണത്തിന് വിധേയരാകുന്നവരുടെ ഗമീറ്റുകൾ (അണ്ഡം) മാത്രമേ ഉപയോഗിക്കാവൂ എന്നും ദാതാക്കളുടേത് ഉപയോഗിക്കരുതെന്നുമാണ് 2023 മാർച്ച് 14ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി പറയുന്നത്. ഇതാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.

ആദ്യത്തെ കേസിൽ ദമ്പതിമാരുടെ അണ്ഡവും ബീജവും നിയമഭേദഗതി വരുംമുമ്പ് എടുത്ത് സൂക്ഷിച്ചിരുന്നു. നിലവിൽ അണ്ഡോൽപ്പാദനം നടക്കാത്തതിനാൽ വാടക ഗർഭധാരണത്തിന് ഇതുപയോഗിച്ച് ഉണ്ടാക്കിയ ഭ്രൂണം ഉപയോഗിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. രണ്ടാമത്തെ കേസിൽ കൊറോണറി ആർട്ടറി ഡിസീസ്, സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസസ്, നെഫ്രൈറ്റിസ് എന്നിവ ബാധിച്ച ഹർജിക്കാരിക്ക് അണ്ഡം ഉൽപ്പാദിപ്പിക്കാൻ കഴിയില്ല. ഗർഭധാരണത്തിനുള്ള ശേഷി ഗർഭാശയത്തിനില്ല. മൂന്നാമത്തെ ഹർജിക്കാരിക്കും നിരവധി ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അണ്ഡോൽപ്പാദനം നടക്കുന്നില്ല. ഇരുവർക്കും ദാതാവിൽനിന്ന് അണ്ഡം സ്വീകരിക്കാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം.

വാടക ഗർഭധാരണത്തിന് ദാതാക്കളുടെ അണ്ഡം ഉപയോഗിക്കാൻ അനുമതി നൽകി 2023ൽ സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. രോഗാവസ്ഥ കാരണം സ്വാഭാവിക അണ്ഡോൽപ്പാദനം നടക്കാത്ത സാഹചര്യത്തിൽ ഹർജിക്കാർക്ക് ഇളവുകൾക്ക് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു. ആദ്യത്തെ കേസിൽ 2023ലെ ഭേദഗതി വരും മുമ്പ് ചികിത്സയുടെ ഭാഗമായി സൂക്ഷിച്ച ഭ്രൂണം ഉപയോഗിച്ച് വാടക ഗർഭധാരണം നടത്താം. ദാതാക്കളുടെ അണ്ഡാശയമോ അണ്ഡമോ ഉപയോഗിക്കാനും വാടക ഗർഭധാരണത്തിലൂടെ ഗർഭധാരണം നടത്താനും ഹർജിക്കാർക്ക് കോടതി അനുമതി നൽകി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us