എസ് എഫ് ഐ പ്രതിഷേധം നേരിടാൻ ഗവർണർക്ക് 'പ്രത്യേക സുരക്ഷ'; സുരക്ഷാ സന്നാഹത്തിലടക്കം മാറ്റങ്ങൾ

ഇന്ന് മുതൽ കൂടുതൽ പൈലറ്റ് വാഹനങ്ങളും പട്രോളിംഗ് സംഘങ്ങളെയും ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു

dot image

തിരുവനന്തപുരം: എസ് എഫ് ഐ പ്രതിഷേധം മുന്നിൽ കണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കനത്ത സുരക്ഷ ഒരുക്കി പൊലീസ്. സുരക്ഷാ സന്നാഹത്തിലടക്കം കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ഗവർണർക്കെതിരായ പ്രതിഷേധത്തെ നേരിടാൻ പൊലീസ് തയ്യാറെടുക്കുന്നത്. ഇന്ന് മുതൽ കൂടുതൽ പൈലറ്റ് വാഹനങ്ങളും പട്രോളിംഗ് സംഘങ്ങളെയും ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു.

ഗവർണറുടെ സന്ദർശനം കണക്കിലെടുത്ത് സർവ്വകലാശാലയിലെ വിവിഐപി ഗസ്റ്റ് ഹൗസിന്റെ ചുമതല പൊലീസ് ഏറ്റെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ഗവർണർ പോകുന്നതുവരെ ക്യാംപസ് കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികൾക്കിടയിൽ പ്രശ്നമുണ്ടാക്കുന്നവരെ കണ്ടെത്തി, ആവശ്യമെങ്കിൽ കരുതൽ തടങ്കലിലാക്കുമെന്നും പൊലീസ് അറിയിച്ചു.

ക്യാംപസിൽ മാത്രമല്ല, ഗവർണർ സഞ്ചരിക്കുന്ന വഴിയിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യമായി നിയമിക്കും. 'Z+' കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ സുരക്ഷ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ വെള്ളിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സന്നാഹത്തിലടക്കം കാര്യമായ മാറ്റങ്ങൾ വരുത്താൻ പൊലീസ് തീരുമാനിച്ചത്.

ഗവർണർക്ക് അകമ്പടിയായുള്ള പൈലറ്റ് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം. ഒപ്പം ഗവർണറുടെ പൊലീസ് കമാന്റോ വിങ്ങിലെ അംഗങ്ങളുടെ എണ്ണവും കൂട്ടും. ഗവർണറുടെ പരിപാടികൾ നടക്കുന്നിടത്ത് കൂടുതൽ പെട്രോളിങ് സംഘങ്ങളെ വിന്യസിച്ച് നീരിക്ഷണവും ഉറപ്പു വരുത്തും.

അതേസമയം, ഗവർണർക്കെതിരെ ഇനിയും കരിങ്കൊടി കാണിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘപരിവാറിന്റെ പ്രധാന ലിസ്റ്റിൽ കയറാനാണ് ഗവർണറുടെ ശ്രമമെന്നും അദ്ദേഹത്തിന്റെ മാനസിക നില ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തികൾ ഒരു ഗവർണർക്ക് ചേർന്നതാണോ എന്ന് അദ്ദേഹം ആലോചിക്കണം. ഗവർണർ ആർഎസ്എസ് അജണ്ട ഔപചാരികമായി നടപ്പിലാക്കുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

dot image
To advertise here,contact us
dot image