തിരുവനന്തപുരം: വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന്റെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലെത്തിയത്. ബാരിക്കേഡ് മറിച്ചുകിടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുക, അന്വേഷണം സി ബി ഐയ്ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധമാർച്ച്. മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
നീറുന്ന നോവായി ആ ആറ് വയസുകാരി; വണ്ടിപ്പെരിയാറിലെ പെൺകുഞ്ഞിന് നീതി ഇനിയും അകലെ?2021 ജൂൺ 30നാണ് വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.എന്നാൽ, നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടത്.