കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യാ കേസിലെ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില് പ്രൊസിക്യൂഷന് ഇന്ന് വിശദീകരണം നല്കും. ജാമ്യം നല്കരുതെന്ന് പ്രൊസിക്യൂഷന് നിലപാട് അറിയിക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. തിരുവനന്തപുരം മെഡിക്കല് കോളജ് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഒന്നാം പ്രതിയാണ് ഡോ. ഇ എ റുവൈസ്.
അറസ്റ്റിലായതിന് പിന്നാലെ നല്കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. സ്ത്രീധന നിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനില്ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം. കുറ്റകൃത്യത്തില് പങ്കില്ലെന്നും സര്ക്കാരിന് പ്രതിച്ഛായ വര്ദ്ധിപ്പിക്കാനാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജാമ്യാപേക്ഷയില് പറയുന്നത്. കേസിലെ മറ്റൊരു പ്രതിയും ഡോ. റുവൈസിന്റെ പിതാവുമായ അബ്ദുല് റഷീദിന് ഹൈക്കോടതി നേരത്തെ മുന്കൂര് ജാമ്യം നല്കിയിരുന്നു.
സ്ത്രീധന പ്രശ്നത്തെ തുടര്ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല് കോളേജിലെ പിജി വിദ്യാര്ഥിനി ഡോ. ഷഹാന ആത്മഹത്യ ചെയ്തത്. എല്ലാവർക്കും പണമാണ് വലുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഷഹന എഴുതിയത്. ജൂനിയർ ഡോക്ടർ റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോൾ റുവൈസിന്റെ പിതാവ് സ്ത്രീധനം ആവശ്യപ്പെടുകയും റുവൈസ് പിതാവിന്റെ തീരുമാനത്തിനൊപ്പം നിൽക്കുകയും ചെയ്തതോടെ വിവാഹം മുടങ്ങി. ഇതിൽ മനംനൊന്താണ് ഷഹന ആത്മഹത്യ ചെയ്തത്.