കോഴിക്കോട്: ഗവർണർ-എസ്എഫ്ഐ പോരാട്ടം രൂക്ഷമാകുന്നതിനിടെ ഗവർണക്കെതിരെ പ്രതിഷേധവുമായി യൂണിവേഴ്സിറ്റി ജീവനക്കാരും രംഗത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ വിളിച്ച് വരുത്തി അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ കരിദിനം ആചരിക്കുന്നത്. എല്ലാ സർവ്വകലാശാലകളിലും അധ്യാപകരും ജീവനക്കാരും കരിദിനം ആചരിക്കുന്നുണ്ട്. ചാൻസലർ സർവകലാശാലകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നുവെന്ന് ജീവനക്കാർ ആരോപിക്കുന്നു. കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ സർവകലാശാല ജീവനക്കാരും ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ അധ്യാപകരുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ 10.30ന് ഭരണകാര്യാലയത്തിന് മുന്നിൽ പ്രതിഷേധയോഗം ചേരും. വിസിയെ വിളിച്ച് വരുത്തി ശാസിച്ചതിനെതിരെയാണ് പ്രതിഷേധം.
ഇതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച ഗവർണർ-എസ്എഫ്ഐ ബാനർയുദ്ധം കേരളത്തിലെ ഇതര കാമ്പസുകളിലേയ്ക്കും വ്യാപിക്കുന്നു. ഇന്ന് വൈകിട്ട് ഗവർണർ തലസ്ഥാനത്തേയ്ക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സംസ്കൃത സർവ്വകലാശാലയിലും ഗവർണർക്കെതിരെ കറുത്ത ബാനർ ഉയർന്നു. കാലടി ശ്രീശങ്കര കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എസ്എഫ്ഐ പ്രവർത്തകർ ബാനർ ഉയർത്തി. ‘ഞങ്ങൾക്ക് വേണ്ടത് ചാൻസിലറെയാണ് സവർക്കറെയല്ല' എന്നെഴുതിയ ബാനറാണ് മഹാരാജാസ് കോളേജിന് മുന്നിൽ എസ്എഫ്ഐ ഉയർത്തിയത് ’മസ്തിഷ്കത്തിന് പകരം മനുസ്മൃതി എങ്കിൽ തെരുവുകൾ നിങ്ങളെ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യും ‘ എന്നെഴുതിയ ബാനറാണ് കാലടി ശ്രീശങ്കര കോളേജിൽ ഉയർന്നത്.
ഇതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനമില്ല. വിദ്യാർത്ഥികൾ മറ്റ് വഴികളിലൂടെ ക്യാമ്പസിൽ എത്തണം. യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഗവർണർ പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാനാവുക മുൻകൂട്ടി പാസ് ലഭിച്ചവർക്ക് മാത്രമാണ്. ഇതിനിടെ ഗവർണർ കാലിക്കറ്റ് വി സിയോട് വിശദീകരണം തേടി. ഗവർണറെ അവഹേളിക്കുന്ന ബാനറുകൾ എന്ത് കൊണ്ട് നീക്കിയില്ല. ഗവർണർ വരുന്നത് അറിഞ്ഞിട്ടും ബാനർ നീക്കിയില്ല. ബാനർ നീക്കം ചെയ്യാൻ പൊലീസിനോട് ആവശ്യപ്പെട്ടില്ല. 2022-ലെ കോടതി ഉത്തരവ് പ്രകാരം ക്യാംപസിൻ്റെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധം പാടില്ല. ഗവർണർ വന്നത് യൂണിവേഴ്സിറ്റി പരിപാടിയിൽ സംബന്ധിയ്ക്കാൻ തുടങ്ങിയ കാര്യങ്ങളിലാണ് വി സിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കാലിക്കറ്റ് വിസിക്കെതിരെ നടപടിക്ക് സാധ്യതയെന്നും സൂചനയുണ്ട്. ഇതിനിടെ തന്നോട് ചാൻസലർ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് വ്യക്തമാക്കി. പോസ്റ്റർ സ്ഥാപിച്ചത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. ഉച്ചക്ക് മുൻപ് റിപ്പോർട്ട് നൽകുമെന്നും വൈസ് ചാൻസലർ പറഞ്ഞു.
പ്രതിഷേധങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാലയിലെ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐ തീരുമാനം. ഗവർണർക്കെതിരെ വീണ്ടും ഉയർത്തിയ ബാനറുകൾ ക്യാമ്പസിൽ നിന്ന് നീക്കില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്. ക്യാമ്പസിൽ കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രതിഷേധം തുടർന്നിരുന്നു.
ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ നീക്കം ചെയ്തിരുന്നു. ബാനറുകൾ നീക്കം ചെയ്യാത്തത്തിൽ ക്ഷുഭിതനായ ഗവർണർ മലപ്പുറം എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് എസ്പി തന്നെ നേരിട്ട് ബാനറുകൾ നീക്കം ചെയ്തത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ വീണ്ടും ബാനർ ഉയർത്തിയത്.