തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. പ്രത്യേക ഘട്ടത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു. ഗൗരവമായ കുറ്റകൃത്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യമായി. സർക്കാർ ഒത്തുകളിക്കുകയാണ്. പൊലീസിന്റെ കൈകളിൽ എല്ലാ വിവരങ്ങളും ഉണ്ടെന്നും തെളിവുകൾ പൊലീസ് മറച്ചുവയ്ക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേസിൽ രാഷ്ട്രീയ ഇടപെടൽ നടന്നു. കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇനിയും ഒളിച്ചു കളിച്ചാൽ പ്രത്യാഘാതം ഉണ്ടാകും. ബിജെപി നിതാന്ത ജാഗ്രത തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
അതേസമയം, തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചതിൽ അന്വേഷണം നടത്താൻ പൊലീസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഡീഷണല് ചീഫ് ഇലക്ടറൽ ഓഫീസര് II നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയിൽ എഫ്ഐആർ ഇട്ടിരിക്കുന്നത്. ഐപിസി 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 465 വ്യാജരേഖ ചമച്ചതിന് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 468 വഞ്ചനയ്ക്കായി വ്യാജ രേഖ ചമച്ചതിന് ഏഴ് വർഷം തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ഐപിസി 471 ഒരു വ്യാജരേഖ യഥാർത്ഥമായി ഉപയോഗിച്ചുവെന്ന കുറ്റമാണ്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; പരാതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻയൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോട് പുറത്ത് കൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. ഈ വിഷയത്തിൽ ശക്തമായ ഇടപെടലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരിക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കിയതായാണ് കമ്മീഷൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്.