തിരുവനന്തപുരം: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലുമായി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കും ഉൾപ്പെടെ 20 പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷത്തിൽ വനിതാ ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് തുടർച്ചയായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നതായി ആരോപിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാർച്ച്. ഉച്ചയോടെ പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റ് നടയിൽ പൊലീസ് തടഞ്ഞു. പതിവിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന നേതാക്കൾക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാർച്ചിൽ അണിനിരന്നു.
പ്രതിപക്ഷ നേതാവിന്റെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. പൊലീസിന് നേരെ പ്രവർത്തകർ കൊടികെട്ടിയ വടികളും ചെരുപ്പും കല്ലും വലിച്ചെറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലവട്ടം ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. രാഹുൽ മാങ്കൂട്ടത്തിൽ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ നേതാക്കൾ ബലംപ്രയോഗിച്ച് മോചിപ്പിച്ചു.
വനിതകളെ പൊലീസുകാര് വടിവെച്ച് കുത്തി, വസ്ത്രം വലിച്ചുകീറി; വലിയ സമരം കാണേണ്ടി വരുമെന്ന് വിഡി സതീശന്സംഘർഷം അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശി. കസ്റ്റഡിയിൽ എടുത്ത വനിതാ പ്രവർത്തകരെ മോചിപ്പിക്കാൻ പ്രതിപക്ഷ നേതാവ് നേരിട്ട് സംഘർഷ സ്ഥലത്തെത്തി. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പിന്നീട് പ്രകടനമായി പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിന് മുന്നിലൂടെ കടന്നുപോയ പിങ്ക് പൊലീസിൻറെ വാഹനം തടഞ്ഞു നിർത്തി പ്രവർത്തകരെ മോചിപ്പിച്ചു. പിന്നാലെ ഡിസിസി ഓഫീസിലേക്ക് എസിപിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തി. ഓഫീസിനകത്ത് കയറി ഒരു പൊലീസും പ്രവർത്തകരെ അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ ഏറെനേരത്തെ ചർച്ചകൾക്കുശേഷം മോചിപ്പിച്ച പ്രവർത്തകരെ പൊലീസിന് തിരിച്ചു നൽകിയതോടെ സംഘർഷാവസ്ഥയ്ക്ക് വിരാമമായി.
ഒരു സംഘർഷവും ഉണ്ടായില്ല, കലാപമുണ്ടാക്കാനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്: എം വി ഗോവിന്ദന്22 യുത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലാണ്. 20 പേർ കന്റോൺമെന്റ് സ്റ്റേഷനിലും രണ്ട് പേർ മ്യൂസിയം സ്റ്റേഷനിലുമാണുള്ളത്. കന്റോൺമെന്റ് സി ഐ ദിൽജിത്തിന് പട്ടികകൊണ്ട് മുഖത്ത് അടിയേറ്റു. പൂജപ്പുര സിഐ റോജി, വനിതാ സെൽ സിഐ, നാല് വനിത പൊലീസുകാർക്കുമാണ് പരിക്കേറ്റത്. മൂന്ന് പൊലീസ് വാഹനങ്ങൾ തല്ലി തകർത്തു. രണ്ട് പൊലീസ് ബസുകളും ഒരു പിങ്ക് പൊലീസ് വാഹനങ്ങളുമാണ് ആക്രമിച്ചത്.