കൊച്ചി: സംഘപരിവാറുകാരെ സെനറ്റിൽ ഉൾപ്പെടുത്തിയ ഗവർണർക്കെതിരെ എസ്എഫ്ഐ സമരരംഗത്താണ്. ഗവർണറെ കാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് എസ്എഫ്ഐ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സവർക്കറെയല്ല ആവശ്യം വൈസ് ചാൻസലറെയാണെന്ന് അടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി കേരളത്തിലെ നിരവധി കോളേജുകളിലാണ് എസ്എഫ്ഐ പ്രവർത്തകർ ബാനർ ഉയർത്തിയിരിക്കുന്നത്.
കാമ്പസുകളിൽ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇതിനിടെ തൃശ്ശൂർ കേരളവർമ്മ കോളേജിൽ ഉയർത്തിയ ബാനറിനെതിരെ പരിഹാസവുമായി എസ്എഫ്ഐയുടെ രാഷ്ട്രീയ എതിരാളികൾ രംഗത്ത് വന്നിരുന്നു. ബാനറിലെ വ്യാകരണ പിശക് ചൂണ്ടിക്കാണിച്ച് വി ടി ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ് സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർത്തിയത്. സംഘപരിവാർ സഹയാത്രികൻ ശ്രീജിത്ത് പണിക്കരും ഈ ബാനറിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ''your dad will not cook here..." എന്നെഴുതിയ ബാനറിനെതിരെയായിരുന്നു പ്രധാനമായും വിമർശനം ഉയർന്നത്.
ഗവർണർക്കെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഉയർത്തിയ പോസ്റ്ററുകളെ എങ്ങനെ വായിക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു മീരയുടെ പ്രതികരണം. ഔദ്യോഗിക എക്സ് പേജിലാണ് മീന കന്ദസ്വാമി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചില വിഷയങ്ങളില് ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടതെന്ന് മീന പറയുന്നു. പദാനുപത വിവര്ത്തനം ചെയ്യാതിരുന്നതിനാൽ അത് ഭാഷയുടെയും സംസ്കാരത്തിന്റെയും നിഗൂഢതയ്ക്കും അതാര്യതയ്ക്കും ഭംഗം വരുത്താതെ കാക്കുമെന്നും അവർ എക്സിൽ വ്യക്തമാക്കി.
മീന കന്തസ്വാമിയുടെ പോസ്റ്റിൻ്റെ പൂര്ണ്ണ രൂപം 'എന്തെങ്കിലും ഇംഗ്ലീഷിലേക്ക് ആക്കുന്നതിൻ്റെയും അതേസമയം പദാനുപദ വിവര്ത്തനം ചെയ്യാതെ അത് ഭാഷയുടെയും സംസ്കാരത്തിന്റെയും നിഗൂഢതയ്ക്കും അതാര്യതയ്ക്കും ഭംഗം വരുത്താതെ കാത്തതിൻ്റെയും ഉത്തമോദാഹരണമാണിത്.. അതിന്റെ അര്ഥം നിങ്ങള്ക്കറിയാമെങ്കില് അറിയാം ഇല്ലെങ്കില് ഇല്ല. അത് മനസ്സിലാക്കാന് ഒരു ശ്രമം എങ്കിലും നടത്തുകയാണെങ്കില് നല്ലത്'.
This is such a perfect way to render something into English, and at the same time, leave it untranslated, allowing for the opacity and impermeablity of language/culture to remain unperturbed. Iykyk, if you don't you don't. If you take the effort to ask and find, great on you. 💯 pic.twitter.com/gvYENe3b71
— Dr Meena Kandasamy (@meenakandasamy) December 19, 2023