റിപ്പര് ജയാനന്ദന് രണ്ട് പകല് പരോള്; ജയാനന്ദന്റെ പുസ്തകം 'പുലരി വിരിയും മുന്പേ' പ്രകാശനം 23ന്

ഭാര്യ ഇന്ദിര നല്കിയ ഹര്ജിയിലാണ് സിംഗിള് ബെഞ്ച് അധ്യക്ഷന് പിവി കുഞ്ഞികൃഷ്ണന്റെ അനുമതി. അച്ഛന് പരോള് നേടാന് അമ്മയുടെ ഹര്ജിയുമായി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും അഭിഭാഷകയായ മകള് കീര്ത്തി ജയാനന്ദന്.

ശ്യാം ദേവരാജ്
2 min read|20 Dec 2023, 06:06 pm
dot image

കൊച്ചി: രണ്ട് കൊലപാതക കേസുകളില് കുറ്റവാളിയെന്ന് കണ്ടെത്തിയ റിപ്പര് ജയാനന്ദന് പരോള് അനുവദിച്ച് ഹൈക്കോടതി. ജയിലില് കഴിയവെ റിപ്പര് ജയാനന്ദന് എഴുതിയ 'പുലരി വിരിയും മുന്പേ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായാണ് ഹൈക്കോടതി പരോള് അനുവദിച്ചത്. ഭാര്യ ഇന്ദിര നല്കിയ ഹര്ജിയിലാണ് സിംഗിള് ബെഞ്ച് അധ്യക്ഷന് പിവി കുഞ്ഞികൃഷ്ണന്റെ അനുമതി. അച്ഛന് പരോള് നേടാന് അമ്മയുടെ ഹര്ജിയുമായി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും അഭിഭാഷകയായ മകള് കീര്ത്തി ജയാനന്ദന് ആണ്.

നിലവില് വിയ്യൂര് സെന്ട്രല് ജയിലില് തടവിലാണ് റിപ്പര് ജയാനന്ദന്. അഞ്ച് കൊലപാതക കേസ് ഉള്പ്പടെ 23 കേസുകളില് പ്രതിയാണ് റിപ്പര് ജയാനന്ദന്. അഞ്ച് കൊലപാതക കേസുകളില് രണ്ടെണ്ണത്തില് ശിക്ഷിക്കപ്പെട്ടു. ഇതിലൊരെണ്ണം വധശിക്ഷയാണ്. മൂന്നെണ്ണത്തില് വെറുതെ വിട്ടു. കഴിഞ്ഞ പതിനേഴ് വര്ഷമായി തൃശൂര് വിയ്യൂര് സെന്ട്രല് ജയിലിലെ തടവറയിലാണ് റിപ്പര് ജയാനന്ദന്. രണ്ട് തവണ ജയില് ചാടാനും റിപ്പര് ജയാനന്ദന് ശ്രമിച്ചു.

ജയിലില് കഴിയുന്നതിനിടെ നോവലുകളും കഥകളും റിപ്പര് ജയാനന്ദന് എഴുതി. തടവറയിലിരിക്കെ എഴുതിയ പുസ്തകം 'പുലരി വിരിയും മുന്പെ' പ്രകാശനത്തിന് തയ്യാറായിക്കഴിഞ്ഞു. ഡിസംബര് 23ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിലാണ് പ്രകാശന ചടങ്ങ്. ഡോ. സുനില് പി ഇളയിടം പുസ്തകം പ്രകാശനം ചെയ്യും. പാലക്കാട് വിളയൂര് ലോഗോസ് പബ്ലിക്കേഷന്സ് ആണ് പ്രസാധകര്.

പുസ്തകമെഴുത്തിനും പ്രസാധനത്തിനും നേരത്തെ ജയില് ഡിജിപി അനുമതി നല്കിയിരുന്നു. 30 ദിവസത്തെ പരോളാണ് റിപ്പര് ജയാനന്ദന് ആവശ്യപ്പെട്ടത്. എന്നാല് പരോളിന് നല്കിയ അപേക്ഷയില് ജയില് ഡിജിപി തീരുമാനമെടുത്തില്ല. തുടര്ന്നാണ് അഭിഭാഷകയായ മകള് കീര്ത്തി ജയാനന്ദന് അമ്മയുടെ പേരില് അച്ഛന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. 15 ദിവസത്തെ പരോള് അനുവദിക്കണമെന്ന് ആയിരുന്നു ഹര്ജിയിലെ ആവശ്യം. മകളുടെ വിവാഹത്തിനായി പൊലീസ് സാന്നിധ്യത്തില് റിപ്പര് ജയാനന്ദന് രണ്ട് ദിവസത്തെ പരോള് കഴിഞ്ഞ ഫെബ്രുവരിയില് ഹൈക്കോടതി അനുവദിച്ചിരുന്നു.

ഒന്പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ റിപ്പര് ജയാനന്ദന്റെ സ്വപ്നമാണ് പുസ്തക പ്രകാശനം എന്നായിരുന്നു ഇന്ദിരയുടെ വാദം. പുസ്തകം വിറ്റ് ലഭിക്കുന്ന തുക പ്രത്യേക പരിഗണന അര്ഹിക്കുന്ന വിദ്യാര്ത്ഥികളുടെ ക്ഷേമത്തിന് വേണ്ടി നല്കുമെന്നായിരുന്നു ഹര്ജിയില് ഹൈക്കോടതിയെ അറിയിച്ചത്. അച്ഛന് വേണ്ടി അഭിഭാഷകയായ മകള് അച്ഛന് വേണ്ടി അമ്മ വഴി നടത്തുന്ന പോരാട്ടം എന്നാണ് ഹൈക്കോടതി ഹൈക്കോടതി ഹര്ജിയെ വിശേഷിപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ കുറ്റവാളി പുസ്തകമെഴുതാനായതില് പ്രശംസയര്ഹിക്കുന്നുവെന്നാണ് കോടതിയുടെ പരാമര്ശം.

റിപ്പര് ജയാനന്ദന് സാധാരണ പരോള് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമം ഇതിന് അനുവദിക്കുന്നില്ല. ഈ അസാധാരണ സാഹചര്യത്തില് ഭരണഘടനാ കോടതികള്ക്ക് ഇടപെടാനാകും. ഈ സാഹചര്യത്തില് ഡിസംബര് 22, 23 തീയതികളില് പരോള് അനുവദിക്കുന്നു. രാവിലെ ഒന്പത് മുതല് വൈകിട്ട് അഞ്ച് മണിവരെയാണ് രണ്ട് ദിവസവും പരോള്. ഇതിന് ശേഷം ജയിലിലേക്ക് മടങ്ങണം. റിപ്പര് ജയാനന്ദനൊപ്പം പൊലിസിന്റെ സാന്നിധ്യമുണ്ടാകുമെന്നും ഹൈക്കോടതി ഉത്തരവില് നിര്ദ്ദേശിക്കുന്നു.

കൊലപാതകിയെന്നതില് നിന്ന് നവീകരിക്കപ്പെടുന്നുവെന്ന് കാണിക്കുന്നതാണ് റിപ്പര് ജയാനന്ദന്റെ എഴുത്തുകളെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയും മകളും നടത്തിയ നിയമ പോരാട്ടം റിപ്പര് ജയാനന്ദന്റെ മനസിലുണ്ടാകണം. അച്ഛനെ സ്നേഹിക്കുന്നതുകൊണ്ടാണ് മകള് ഇത്തരമൊരു നിയമയുദ്ധത്തിന് ഇറങ്ങിയത്. അച്ഛന്റെ പുസ്തകം പ്രകാശനം ചെയ്യുന്നത് കാണാന് കാത്തിരിക്കുകയാണ് മകളും ഭാര്യയും. അതിനാല് കോടതിയുടെ നിര്ദ്ദേശങ്ങള് മാനിച്ച് ചടങ്ങില് പങ്കെടുത്ത് മടങ്ങാമെന്നുമാണ് വിധിയില് പറയുന്നത്.

ഓരോ കുട്ടിക്കും അവരുടെ അച്ഛനാണ് ഹീറോ. 'സൂര്യനായ് തഴുകിയുറക്കമുണര്ത്തുമെന് അച്ഛനെയാണെനിക്കിഷ്ടം' എന്ന് കൈതപ്രം ദാമോദരന് നമ്പൂതിരി സിനിമയ്ക്ക് വേണ്ടി എഴുതിയിട്ടുണ്ട്. റിപ്പര് ജയാനന്ദന് മാനസിക പരിവര്ത്തനം ഉണ്ടായി എന്ന് ഭാര്യയും മകളും ഉറച്ചുവിശ്വസിക്കുന്നു. അതിനാല് ഒപ്പമുള്ള പൊലീസുകാരുടെ നിര്ദ്ദേശം പാലിക്കണം.

രണ്ട് ദിവസവും രാവിലെ 9 മണി മുതല് 5 മണിവരെ കുടുംബത്തിനൊപ്പം സമയം ചെലവിടാം. അഞ്ച് മണിക്ക് ശേഷം അടുത്തുള്ള ജയിലിലേക്ക് മാറ്റണമെന്നും ഹൈക്കോടതി നിര്ദ്ദേശം നല്കി. കോടതി നിര്ദ്ദേശങ്ങള് പാലിച്ച് മടക്കിയയ്ക്കാം എന്ന് അഭിഭാഷകയായ മകളും ഹര്ജിക്കാരിയായ ഭാര്യയും വിയ്യൂര് സെന്ട്രല് ജയില് സൂപ്രണ്ടിന് സത്യവാങ്മൂലം നല്കണം. റിപ്പര് ജയാനന്ദന് നേരെ ആക്രമണ സാധ്യതയുള്ളതിനാലും കസ്റ്റഡിയില് നിന്ന് രക്ഷപെടാതിരിക്കാനും ആവശ്യമായ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശം നല്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us