തിരുവനന്തപുരം: പന്ത്രണ്ട് വർഷമായി കോടതി കയറുകയാണ് ജല അതോറ്റിറ്റി ക്ലർക്ക് തസ്തികയിലെ റാങ്ക് ലിസ്റ്റ്. അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പിഎസ് സി മറികടന്നതോടെ കേസ് ഇനിയും നീളുമെന്ന് ഉറപ്പായി. തസ്തികയിലേക്ക് ജോലി കാത്തിരിക്കുന്ന പലരുടെയും പ്രായം നിയമനം തുടങ്ങും മുമ്പ് തന്നെ അമ്പത് കഴിഞ്ഞു.
2012 ൽ ആണ് വാട്ടർ അതോറിറ്റിയുടെ ക്ലർക്ക് തസ്തികയിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കുന്നത്. ബിരുദവും ഡാറ്റാ എൻട്രിയിലും ഓഫീസ് അഡ്മിനിസ്ട്രേഷനിലും മൂന്ന് മാസത്തെ കമ്പ്യൂട്ടർ സർട്ടിഫിക്കേറ്റ് കോഴ്സുമായിരുന്നു യോഗ്യതാ മാനദണ്ഡം. നിയമപോരാട്ടത്തെത്തുടർന്ന് പരീക്ഷ വർഷങ്ങളോളം വൈകി. കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ ഉള്ളവരും പരീക്ഷ എഴുതി. സർട്ടിഫിക്കറ്റ് പരിശോധനയിൽ അധിക യോഗ്യതയുള്ള ഡിസിഎക്കാരെ ഒഴിവാക്കാൻ പിഎസ് സി തീരുമാനിച്ചു. നിയമപോരാട്ടം ശക്തമായി. അധിക യോഗ്യതയുളളവരെ കൂടി പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.
'കെ സുധാകരൻ കോൺഗ്രസ് നേതാവോ അതോ ബിജെപി വക്താവോ?'; വിമർശിച്ച് മന്ത്രിമാർസർട്ടിഫിക്കറ്റ് കോഴ്സുകാർ പിന്നാലെ അപ്പീൽ പോയി. ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് റദ്ദാക്കി. അധിക യോഗ്യതയുളളവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തരുതെന്ന് ഉത്തരവിട്ടു. എന്നാൽ ഹൈക്കോടതി ഉത്തരവ് പിഎസ് സി തന്നെ ലംഘിച്ചു. അധിക യോഗ്യതക്കാരെ കൂടി ഉൾപ്പെടുത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. അപ്പോഴേക്ക് അധിക യോഗ്യത ഇല്ലാത്തവർ കോടതിയിലെത്തി. അടിയന്തരമായി ഹൈക്കോടതി ഉത്തരവ് അനുസരിച്ച് അധിക യോഗ്യതക്കാരെ ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണമെന്ന് വീണ്ടും ഉത്തരവിറക്കി. ഇക്കഴിഞ്ഞ ഒക്ടോബർ 30 നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ വീണ്ടും പട്ടികയിൽ ഉൾപ്പെടാത്തവർ കോടതിയെ സമീപിക്കുമെന്നാണറിയുന്നത്.
തിരുവനന്തപുരത്ത് നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകൾനിയമപോരാട്ടം ശക്തമായതോടെ നിയമനം നീണ്ടു നീണ്ട് പോവുകയാണ്. വിജ്ഞാപനമിറങ്ങി വർഷം 12 ആകാറായി. റാങ്ക് പട്ടികയിലെ പലർക്കും 50 വയസ്സ് ഇപ്പോൾ തന്നെ കഴിഞ്ഞു. 1973ൽ ജനിച്ച പല ആളുകൾക്കും നിയമനം കിട്ടുമ്പോഴേക്കും വിരമിക്കാൻ പ്രായമാലും അത്ഭുതപ്പെടാനില്ല. പിഎസ് സി നിയമനം നടക്കാതായതോടെ വാട്ടർ അതോറിറ്റിയിൽ താൽക്കാലിക ജീവനക്കാർ ജോലി ചെയ്ത് തുടങ്ങി വർഷം പത്ത് കഴിഞ്ഞു. ഇനിയിപ്പോൾ അവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമായിരിക്കും അണിയറയിൽ തകൃതിയായി നടക്കുക.