തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ അടിച്ചാൽ തിരിച്ചടിക്കുമെന്ന വി ഡി സതീശന്റെ പരാമർശത്തോട് പ്രതികരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. പ്രതിഷേധത്തിന്റെ പേരിൽ അനാവശ്യ പ്രകോപനങ്ങൾ ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. ഇത്രത്തോളം കാര്യക്ഷമതയില്ലാത്ത പ്രതിപക്ഷ നേതാവ് മുൻപ് ഉണ്ടായിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
നവകേരളസദസ്സിന്റെ വിജയം യുഡിഎഫിനെ ഭയപ്പെടുത്തി. വി ഡി സതീശന്റെ പ്രതികരണങ്ങൾ അനാവശ്യമാണ്. പാർട്ടിക്കും മുന്നണിക്കും സംഭവിച്ച അബദ്ധമാണ് വി ഡി സതീശനെന്നും വി അബ്ദുറഹ്മാൻ കുറ്റപ്പെടുത്തി. റിപ്പോർട്ടർ ടിവിയോടായിരുന്നു പ്രതികരണം.
പ്രതിപക്ഷ നേതാവ് ഇരുമ്പുവടികളുമായി ഒരു സംഘത്തെ നയിക്കുന്നു, ക്രിമനൽ ആരാണെന്ന് കേരളം കണ്ടു: പി രാജീവ്പ്രതിപക്ഷ നേതാവ് നടത്തിയത് കലാപാഹ്വാനമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വിമർശിച്ചു. ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ പറ്റുന്നതല്ല. മുഖ്യമന്ത്രിയുടെ ഗൺമാൻ തല്ലിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. പ്രോട്ടോക്കോളുകൾ പാലിച്ചാണ് എല്ലാം ചെയ്തതെന്നും മന്ത്രി പറഞ്ഞു. സതീശൻ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്തുവെന്നും നാടിന്റെ സമാധാനം തകർക്കാനുള്ള നീക്കമുണ്ടായെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.
മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് പ്രതികരിച്ച അഹമ്മദ് ദേവർകോവിൽ അഞ്ചുവർഷംകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ താൻ രണ്ടര വർഷം കൊണ്ട് ചെയ്തിട്ടുണ്ടെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രീയത്തിൽ കയറ്റവും ഇറക്കവും പതിവാണ്. ധാരണ പ്രകാരം താൻ സ്ഥാനം ഒഴിയുമെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.