ഒരേയൊരു 'ലീഡർ '; കണ്ണിറുക്കിയുള്ള ആ ചിരി ഓർമ്മയായിട്ട് 13 വർഷം

കേരളത്തിലെ കോൺഗ്രസിൻ്റെ തലമുറമാറ്റത്തിൻ്റെ നേതാവാകാനും ലീഡറെന്ന വിളിപ്പേര് സ്വന്തമാക്കാനും കരുണാകരന് സാധിച്ചു

dot image

മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഓർമയായിട്ട് 13 വർഷം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില് ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും 'ലീഡര്' എന്ന വിളിപ്പേരിന് അക്ഷരാർത്ഥത്തിൽ അർഹനാണ് കെ കരുണാകരൻ. ജനകീയ ഇടപെടലുകളിലൂടെയും ഭരണമികവിലൂടെയുമാണ് കരുണാകരൻ അക്ഷരാർത്ഥത്തിൽ ലീഡറായത്.

സമാനതകളില്ലാത്ത രാഷ്ട്രീയപ്പോരാളിയായിരുന്നു കെ.കരുണാകരന്. കണ്ണൂർ ചിറക്കലിൽ ജനിച്ച കരുണാകരൻ, 11ആം വയസിൽ മഹാത്മാ ഗാന്ധിയെ കണ്ടതോടെയാണ് ഗാന്ധിയൻ ദർശനങ്ങളിൽ ആകൃഷ്ടനായത്. ജാതിപ്പേര് മുറിച്ചുകളഞ്ഞ് ആദ്യ വിപ്ലവം. ചിത്രകല പഠിക്കാൻ തൃശൂരിൽ എത്തിയതോടെ, തൊഴിലാളികൾക്കൊപ്പം പ്രവർത്തിച്ചുതുടങ്ങി. ഐ.എൻ.ടി.യു.സിയുടെ സ്ഥാപക നേതാവായിരുന്നു കരുണാകരൻ.

1967-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും ഒൻപത് എം.എൽ.എമാർക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി. കോൺഗ്രസിന്റെ അവസാന നാളുകളെന്ന് വിലയിരുത്തിയവർക്ക്, പാർട്ടിയെ ശക്തമായി തിരിച്ചെത്തിച്ചായിരുന്നു ലീഡറുടെ മറുപടി

ക്വിറ്റ് ഇന്ത്യാ സമരം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിൽ കരുണാകരൻ വഹിച്ച പങ്ക് വലുതായിരുന്നു. തുടർന്ന് വിയ്യൂർ ജയിലിൽ അടക്കപ്പെട്ടു. ജയിൽവാസത്തിന് ശേഷം തൃശൂരിലെത്തിയ കരുണാകരൻ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ മുഴുകി. 1967-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും ഒൻപത് എം.എൽ.എമാർക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി. കോൺഗ്രസിന്റെ അവസാന നാളുകളെന്ന് വിലയിരുത്തിയവർക്ക്, പാർട്ടിയെ ശക്തമായി തിരിച്ചെത്തിച്ചായിരുന്നു ലീഡറുടെ മറുപടി. അതോടെ കേരളത്തിലെ കോൺഗ്രസിൻ്റെ തലമുറമാറ്റത്തിൻ്റെ നേതാവാകാനും ലീഡറെന്ന വിളിപ്പേര് സ്വന്തമാക്കാനും കരുണാകരന് സാധിച്ചു.

തുടർച്ചയായി എട്ടുതവണ മാളയിൽ നിന്ന് വിജയിച്ച് കരുണാകരൻ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1969 മുതൽ 1995 വരെ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലും 1970-ൽ പാർലമെൻ്ററി ബോർഡിലും അംഗമായിരുന്ന കരുണാകരൻ ദേശീയ തലത്തിലും ശ്രദ്ധേയനായി. കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് കൊണ്ട് 1970-ൽ ഐക്യ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

നേതൃപാടവവും പ്രവർത്തന മികവും കൊണ്ട് അനിഷേധ്യനായി മാറിയ കരുണാകരൻ നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം എന്നു വേണ്ട 14 ജില്ലകളിലായി നിരവധി വികസന പദ്ധതികളിൽ കയ്യൊപ്പ് ചാർത്തി.

കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം കരുണാകരൻ ഉറച്ചുനിന്നു. അടിയന്തരാവസ്ഥക്കാലം ഇന്ദിരയെ പോലെ, കരുണാകരനെയും ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന 'കരുണാകരന്റെ പൊലീസ്' എന്ന പ്രയോഗം പോലും അക്കാലത്തുണ്ടായിട്ടുണ്ട്. രാജൻ കേസിനെ തുടർന്ന് രാജിവെച്ച് ഒഴിയേണ്ടി വന്ന ഗതികേടും ഒരു കരിനിഴലായി കരുണാകരന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. 1994 - 95 കാലഘട്ടത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ISRO ചാരകേസിനെ തുടർന്നും കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. മൂന്ന് തവണ രാജ്യസഭയിലും രണ്ട് തവണ ലോക്സഭയിലും അംഗമായിരുന്നു. പി വി നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിൽ, കിങ് മേക്കറായ കരുണാകരൻ, റാവു മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.

2005-ൽ കോൺഗ്രസ് വിട്ട് നാഷണൽ കോൺഗ്രസ്(ഇന്ദിരാ) എന്ന പുതിയ പാർട്ടിയ്ക്ക് രൂപം നൽകി. 2006-ൽ എൻ.സി.പി യിലും 2007ൽ കോൺഗ്രസിലും ഡിഐസി ലയിച്ചു. 2008 ജനുവരി ഒന്നിന് പുതുവത്സര ദിനത്തിൽ കരുണാകരൻ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി.

കേരളരാഷ്രീയത്തിലെ ഒരേയൊരു ലീഡറും ഭീഷ്മാചാര്യരും ചാണക്യനുമൊക്കെയാണ് കരുണാകരൻ. ഒട്ടേറെ ഉയർച്ചകളും താഴ്ചകളും കണ്ട ആ രാഷ്ട്രീയം ഒരു പാഠപുസ്തകമാണ്. എല്ലാ പ്രതിസന്ധികളിലും 'പതറാതെ മുന്നോട്ട് പോയ കണ്ണിറുക്കിയുള്ള ആ ചിരിയിയായിരുന്നു ലീഡർ. കെ കരുണാകരന്റെ ഓർമകൾക്ക് മുന്നിൽ റിപ്പോർട്ടറിന്റെ പ്രണാമം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us