തിരുവനന്തപുരത്തെ കണ്ണീർവാതക പ്രയോഗം; അവകാശലംഘനത്തിനെതിരെ പരാതി നൽകി കെ സുധാകരൻ എം പി

'പാര്ലമെന്ററി അവകാശത്തെ ലംഘിക്കുന്ന ക്രൂരമായ നടപടിക്ക് കാരണം കോളേജ് കാലം മുതല് മുഖ്യമന്ത്രി പിണറായി വിജയന് തന്നോടുള്ള ദീര്ഘകാലത്തെ വൈരാഗ്യം'

dot image

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന പൊലീസ് ആക്രമണത്തിനെതിരെ ലോക്സഭാ സ്പീക്കര് ഓം ബിർളക്ക് പരാതി നല്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം പി. കേരള പൊലീസ് ലോക്സഭാ അംഗമെന്ന നിലയിലുള്ള തൻ്റെയും സഹപ്രവര്ത്തകരായ മറ്റ് ലോക്സഭാ അംഗങ്ങളുടെയും അവകാശത്തെ ലംഘിച്ചുവെന്നും കരുതിക്കൂട്ടി അപമാനിച്ചുവെന്നുമാണ് പരാതിയില് ആരോപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദ്ദേശാനുസരണമാണ് പൊലീസ് നടപടിയെന്നും പരാതിയില് ആരോപിക്കുന്നുണ്ട്.

ഡിജിപി ഓഫീസിന് സമീപം നടന്ന സമാധാനപരമായ നടന്ന പ്രതിഷേധ സമരത്തിൻ്റെ വേദിയിലേയ്ക്ക് ആളുകളുടെ ജീവന് അപകടത്തിലാക്കുന്ന വിധത്തില് പൊലീസ് കണ്ണീര്വാതകം പ്രയോഗിച്ചെന്ന് പരാതിയില് പറയുന്നു. കണ്ണീര്വാതക പ്രയോഗത്തിന്റെ തീവ്രതയെ തുടര്ന്ന് തനിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടെന്നും ബോധം മറയുന്ന സ്ഥിതിയുണ്ടായെന്നും തുടര്ന്ന് പെട്ടെന്ന് ആശുപത്രിയില് പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായെന്നും പരാതിയില് സുധാകരന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പാര്ലമെന്ററി അവകാശത്തെ ലംഘിക്കുന്ന ക്രൂരമായ നടപടിക്ക് കാരണം കോളേജ് കാലം മുതല് മുഖ്യമന്ത്രി പിണറായി വിജയന് തന്നോടുള്ള ദീര്ഘകാലത്തെ വൈരാഗ്യമാണെന്നും പരാതിയില് കെ സുധാകരന് ആരോപിക്കുന്നുണ്ട്. പിണറായി വിജയന് പൊലീസ് സേനയെ ഉപയോഗിച്ച് തന്റെ മനുഷ്യാവകാശങ്ങളെ മാത്രമല്ല സമാധാനപരമായി പ്രതിഷേധത്തില് ഏര്പ്പെടാനുള്ള ജനാധിപത്യപരമായ അവകാശത്തെയും തകര്ക്കുന്നതായി കത്തില് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുക എന്നത് കടമായി കാണുന്നുവെന്നും സുധാകരന് വ്യക്തമാക്കുന്നു.

കേരളം കടുത്ത ക്രമസമാധാന തകര്ച്ചയില് ആണെന്നും സമാധാനപരമായി പ്രതിഷേധിച്ചവര്ക്കെതിരെ പൊലീസ് കണ്ണീര്വാതകം പ്രയോഗിച്ച നടപടി തന്റെ മുന്പരാതികളെ സാധൂകരിക്കുന്നതാണെന്നും സുധാകരന് പരാതിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താന് സ്പീക്കറുടെ അടിയന്തിര ഇടപെടല് ആവശ്യപ്പെട്ടാണ് സുധാകരന് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image