സുല്ത്താന് ബത്തേരി: വയനാട് വാകേരി സിസിയിൽ വീണ്ടും കടുവയെത്തി. ഇന്നലെ പശുക്കിടാവിനെ പിടികൂടിയ തൊഴുത്തിന് സമീപമാണ് രാത്രി 12:30 ഓടു കൂടി കടുവയെത്തിയത്. കടുവയുടെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവിക്ക് കിട്ടി. ഇവിടെ കൂട് സ്ഥാപിക്കാൻ ഇന്നലെ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പ് ജീവനക്കാർ ഏഴ് ക്യാമറകൾ മാത്രമാണ് സ്ഥാപിച്ചത്.
വനം വകുപ്പിന്റെ ആർആർടി അംഗങ്ങൾ പ്രദേശത്ത് പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കടിച്ച് കൊന്ന നിലയില് കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഡിസംബർ ഒൻപതിന് വാകേരിക്കടുത്ത് മൂടക്കൊല്ലിയിൽ പ്രജീഷ് എന്ന യുവാവിനെ കടുവ കൊന്നിരുന്നു. ഈ കടുവയെ കഴിഞ്ഞ ചൊവ്വാഴ്ച പിടികൂടി തൃശൂരിലെ പുത്തൂര് മൃഗശാലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രുദ്രന് എന്നാണ് പാര്ക്ക് അധികൃതര് കടുവയ്ക്ക് ഇട്ടിരിക്കുന്ന പേര്. കടുവ ഇപ്പോള് പൂര്ണ്ണ വിശ്രമത്തിലാണ്. പ്രത്യേക സംഘത്തെ കടുവയെ പരിചരിക്കാന് നിയോഗിച്ചിട്ടുണ്ട്.