കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 60 സാക്ഷികളെയും നാൽപത് രേഖകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 750 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കേസിൽ പ്രതികളാണ്. തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി കെ രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയിൽ കെ ജി മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. കേസിൽ എംആർഐ റിപ്പോർട്ടാണ് നിർണായകമായത്.
ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കെ കെ ഹർഷിന പറഞ്ഞു. പറയുന്നത് സത്യമെന്ന് ഉറപ്പ് ഉണ്ടായിരുന്നു. നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. 2017-ൽ ആണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വർഷമാണ് ഹർഷിനയ്ക്ക് വയറ്റിൽ ചുമക്കേണ്ടിവന്നത്. വേദന മാറാന് പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല.
മെമ്മറി കാർഡ് പരിശോധിച്ചതാരെന്ന് കണ്ടെത്തണം; കോടതിക്ക് അതിജീവിതയുടെ കത്ത്പിന്നീട് 2022 സെപ്റ്റംബര് 13-ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിങ്ങിലാണ് മൂത്രസഞ്ചിയില് കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. പിന്നീട് മെഡിക്കല് കോളേജില് വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. തുടര്ന്ന് ഫെബ്രുവരി 26ന് ഹര്ഷിന സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കി. നീതി ലഭിക്കുന്നത് വൈകിയതോടെ സെക്രട്ടറിയേറ്റിന് മുമ്പിൽ ഹർഷിന സമരം നടത്തിയിരുന്നു. മെഡിക്കല് നെഗ്ലിജന്സ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.