കോഴിക്കോട്: കേരഫെഡിന് ഇരട്ടി നഷ്ടമുണ്ടാക്കുന്ന വിചിത്ര ഉത്തരവുമായി സർക്കാർ. പച്ചത്തേങ്ങ സംഭരണത്തിൻ്റെ ഭാഗമായി നാളികേര വികസന കോർപ്പറേഷൻ നൽകാനുള്ള കൊപ്രയ്ക്ക് പകരം വെളിച്ചെണ്ണ സ്വീകരിക്കാനാണ് ഉത്തരവ്. കേര വെളിച്ചെണ്ണയുടെ ഗുണനിലവാരം കുറയ്ക്കുന്നതും കേരഫെഡിന് അധിക ബാധ്യത വരുത്തുന്നതുമാണ് പുതിയ ഉത്തരവ്.
നാളികേര വികസന കോർപ്പറേഷൻ 18 കോടിയുടെ കൊപ്ര കേരഫെഡിന് നൽകാനുണ്ട്.ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളും അഴിമതി ആരോപണങ്ങളും തീർപ്പാക്കുന്നതിനായി സർക്കാർ ഉത്തരവാണ് കേരഫെഡിന് ഇരട്ടി ബാധ്യതയാകുന്നത്.18 കോടിയ്ക്ക് പകരം കേരഫെഡിന് വെളിച്ചെണ്ണ നൽകാനാണ് വിചിത്ര ഉത്തരവിൽ പറയുന്നത്.കേരഫെഡ് പുറത്തുനിന്ന് വെളിച്ചെണ്ണ സ്വീകരിക്കുന്നത് ഇതാദ്യമാണ്. പുറത്തു നിന്നെത്തിക്കുന്ന വെളിച്ചെണ്ണ കേര-ബ്രാൻഡിനെ തകർക്കുമെന്നാണ് തൊഴിലാളികളുടെ ആരോപണം.കൊപ്ര സംസ്ക്കരിച്ച് വെളിച്ചെണ്ണയാക്കുന്ന തുക കേരഫെഡ് നൽകണം. ഇത് അധിക ബാധ്യതയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കൊപ്രയാക്കാനുള്ള 4 കോടിക്ക് പുറമെയാണ് ഈ പാഴ്ച്ചെലവ്. സ്വന്തം ഫാക്ടറിയുള്ള കേരഫെഡ് പുറത്തു നിന്ന് വെളിച്ചെണ്ണയെടുക്കുന്നതിൽ കേര ബോർഡിനും എതിർപ്പുണ്ട്. കേരഫെഡ് സംഭരിച്ച തേങ്ങ നാളികേര കോർപ്പറേഷന് കൊപ്രയാക്കാൻ നൽകി.. കരാർ പ്രകാരം കൊപ്ര തിരിച്ചു നൽകാൻ നാളികേര കോർപ്പറേഷന് സാധിച്ചിരുന്നില്ല.