കെപിസിസി നിർവാഹക സമിതി യോഗം ഇന്ന്; അയോധ്യാ രാമക്ഷേത്ര ഉദ്ഘാടനം ചർച്ചയാകും

സുധാകരൻ്റെ അഭാവത്തിൽ പകരം ചുമതല നൽകണമെന്ന ആവശ്യം യോഗത്തിൽ ഉയരും

dot image

തിരുവനന്തപുരം: കെപിസിസി നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അധ്യക്ഷൻ കെ സുധാകരൻ ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. സുധാകരൻ്റെ അഭാവത്തിൽ പകരം ചുമതല നൽകണമെന്ന ആവശ്യം യോഗത്തിൽ ഉയരും. നിലവിൽ ചുമതല നൽകേണ്ടതില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പാർട്ടി പ്രതിനിധി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. ഈ വിഷയത്തിൽ കെപിസിസിയുടെ പൊതുനിലപാട് യോഗത്തിനുശേഷം കെ സുധാകരൻ ഹൈക്കമാന്റിനെ അറിയിക്കും.

കേന്ദ്ര- സംസ്ഥാന സർക്കാരിനെതിരെയുള്ള തുടർ സമരപരിപാടികൾക്ക് യോഗം രൂപം നൽകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും. കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥ സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും. കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി യോഗത്തിൽ പങ്കെടുക്കും.

ജനുവരി 31ന് നാലുമണിക്കാണ് കെ സുധാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പുറപ്പെടുക. ഭാര്യയും ഡൽഹിയിലെ പിഎയും കെപിസിസി അധ്യക്ഷനൊപ്പമുണ്ടാകും. കൊച്ചിയിൽ നിന്നാണ് അമേരിക്കയിലെ മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി സുധാകരൻ പുറപ്പെടുക. സുധാകരൻ്റെ അഭാവത്തിൽ കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റുമാർ അടക്കമുള്ള അഞ്ചംഗ സംഘം പാർട്ടിപരിപാടികളുടെ മേൽനോട്ടം വഹിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ച കൊണ്ട് ചികിത്സ കഴിഞ്ഞ് തിരികെയെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് സുധാകരൻ പങ്കുവയ്ക്കുന്നത്. അതുവരെ ചുമതല കൈമാറേണ്ട ആവശ്യമില്ലെന്ന് നേതാക്കൾ പറഞ്ഞതായും സുധാകരൻ വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ നിന്ന് പാർട്ടി പ്രവർത്തനങ്ങളുടെ മേൽനോട്ടമുണ്ടാകുമെന്നും സുധാകരൻ അറിയിച്ചു.

dot image
To advertise here,contact us
dot image