ഇടുക്കി: 13 പശുക്കൾ കൂട്ടത്തോടെ ചത്ത തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും വീട്ടിൽ നടൻ ജയറാം എത്തും. കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും. മന്ത്രിമാരായ സി ചിഞ്ചുറാണി റോഷി അഗസ്റ്റിൻ എന്നിവരും വീട് സന്ദർശിക്കും. തനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും കുട്ടികളുടെ വേദന മനിസാലാക്കാൻ സാധിക്കുന്നതാണെന്നും ജയറാം റിപ്പോർട്ടറിനോട് പറഞ്ഞു.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടു നിന്ന മാത്യുവിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയുംആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പശുക്കൾക്ക് മൃഗസംരക്ഷണവകുപ്പ് അധികൃതർ ചികിത്സ നൽകി. മാത്യുവിനെ ഫോണിൽ വിളിച്ച മന്ത്രി ചിഞ്ചു റാണി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് മാത്യുവിനും ജോർജിനും ലഭിച്ചിട്ടുണ്ട്. മികച്ച കുട്ടിക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡ് ജോതാവാണ് മാത്യു.
ജയറാമിന് പിന്നാലെ നടന്മാരായ പൃഥ്വിരാജും മമ്മൂട്ടിയും കുട്ടികൾക്ക് സഹായം വാഗ്ദാനം ചെയ്തു. മമ്മൂട്ടി ഒരു ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷവും നൽകുമെന്നാണ് അറിയിച്ചത്.