തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ എത്തും. തൃശൂരിൽ നാളെയാണ് മോദിയുടെ റോഡ് ഷോ. കനത്ത സുരക്ഷയിലാണ് തൃശൂർ നഗരം. സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻ കാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതുപരിപാടികൾ. പ്രധാനമന്ത്രി വരുന്നതിന്റെ ഒരുക്കങ്ങൾക്കൊപ്പം തൃശൂരിലെ സ്ഥാനാർഥിയാവാൻ സാധ്യതയുള്ള സുരേഷ് ഗോപിയ്ക്കായുള്ള ചുമരെഴുത്തും തുടങ്ങി.
പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി എത്തും. ജില്ലാ ആശുപത്രി മുതൽ നായക്കനാൽ വരെ റോഡ് ഷോ നയിക്കും. 3 മണിക്കാണ് മഹിളാ സമ്മേളനം. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ. ഒന്നര കിലേമീറ്റോളമാണ് റോഡ് ഷോ. പ്രവർത്തകർ റോഡിന് ഇരുവശവും നിൽക്കും. മഹിളാ സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരായ വനിതകൾക്ക് പുറമേ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുക്കും.
ബീനാ കണ്ണൻ, ഡോ.എം എസ് സുനിൽ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. വനിതാസംവരണ ബില്ല് പാസ്സാക്കിയ പ്രധാനമന്ത്രിക്കുള്ള അഭിവാദ്യമാണ് സമ്മേളനം. 200 ഓളം മഹിളാ വോളണ്ടിയർമാർ സമ്മേളന നഗരി നിയന്ത്രിക്കും. പ്രധാനമന്ത്രി വിവിധ സാമുദായിക നേതാക്കളെ കാണും. ഇതിൽ അന്തിമ തീരുമാനം ആയില്ല. തീരുമാനം വന്നാൽ വേദിക്ക് പുറത്തായിരിക്കും കൂടിക്കാഴ്ച എന്നാണ് വിവരം. സാമുദായിക നേതാക്കൾ കൂടിക്കാഴ്ചക്ക് അനുവാദം ചോദിച്ചിട്ടുണ്ട്. മുളയത്തെ സുരേഷ് ഗോപിയ്ക്കായുള്ള ചുവരെഴുത്ത് തൃശൂരിലെ ജനങ്ങളുടെ പൊതുവികാരമാണ്. ആളുകൾ ആഗ്രഹം എഴുതി വച്ചതാകുമെന്നും എം ടി രമേശ് പറഞ്ഞു.