ആലപ്പുഴ: യുവാവിനെ കള്ളക്കേസിൽ പെടുത്തിയെന്ന പരാതിയിൽ വിശദീകരണവുമായി നൂറനാട് പൊലീസ്. പൊലീസുകാർ വാഹനങ്ങൾ അടിച്ച് തകർത്തു, വ്യാജ എഫ്ഐആര് രജിസ്റ്റർ ചെയ്തു തുടങ്ങിയ പ്രചാരണങ്ങൾ മനഃപൂർവമായ ഗൂഢാലോചനയാണെന്നാണ് വിശദീകരണം. എന്നാൽ പൊലീസ് മർദ്ദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്തുവെന്ന പരാതിയിൽ ഉറച്ചു നിൽക്കുകയാണ് കാറ്റാനം സ്വദേശി സാലു സജി. അതിക്രമം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
യുവാക്കാൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുന്നതും പൊലീസിനെ കണ്ട് ഭയന്ന് ഓടുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വിട്ടുകൊണ്ടാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. പൊലീസ് എത്തിയില്ലായിരുന്നുവെങ്കിൽ അത്യാഹിതങ്ങൾ നടക്കുമായിരുന്നു. ഇക്കാര്യം മറച്ച് വെച്ചാണ് ഇപ്പോൾ വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്, ഇതിന് പിന്നിൽ സ്ഥലത്തെ മദ്യ / മണൽ മാഫിയ സംഘങ്ങളാണെന്നും നൂറനാട് സിഐ ടി ശ്രീജിത്ത് വിശദീകരിച്ചു. എന്നാൽ കള്ളക്കേസെടുത്തിട്ടില്ലെന്ന വാദം തെറ്റാണെന്നാണ് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുകൊണ്ട് തന്നെ പൊലീസിനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുകയാണ് സാലു സജി.
'വാഹനങ്ങൾ പൊലീസ് തകർത്തു, കേസ് യുവാവിന്റെ പേരിൽ'; കള്ളക്കേസിന്റെ തെളിവുകൾ റിപ്പോർട്ടറിന്കറ്റാനം തെക്കോട്ട് തുരുത്തിയിൽ ദേവീ ക്ഷേത്രത്തിനടുത്ത് പുതുവർഷ പുലരിയിൽ പരിശോധനക്കെത്തിയത് അറിഞ്ഞ് യുവാക്കൾ ഓടിയെന്നും ഈ സമയത്ത് വാഹനങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ പൊലീസുകാർ നടത്തിയ അതിക്രമങ്ങൾ തെളിവു സഹിതം പുറത്തു വന്നിട്ടുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ഡിവൈഎഫ്ഐ പരാതി നൽകിയത്.
നൂറനാട് പൊലീസിനെതിരായ ആരോപണങ്ങളെ കുറിച്ച് അറിഞ്ഞെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ റിപ്പോർട്ടറിനോട് പറഞ്ഞു. പരാതി ലഭിച്ചാലുടൻ അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.