കൊച്ചി: നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. പുലർച്ചെ മൂന്നു മണി വരെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധം തീർത്തു. എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
കരിങ്കൊടി കാണിച്ച ഏഴു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തിയതാണ് കോൺഗ്രസ് പ്രതിഷേധത്തിന് ഇടയാക്കിയത്. സ്റ്റേഷൻ ജാമ്യം നൽകാമെന്ന് പൊലീസ് ആദ്യം അറിയിച്ചെങ്കിലും പിന്നീട് സിപിഐഎം ഇടപെടലിനെ തുടർന്ന് നിലപാട് മാറ്റുകയായിരുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.
കോൺഗ്രസ് പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി പുലർച്ചെ ഒരുമണിയോടെയാണ് ഏഴു പ്രവർത്തകരെയും മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കിയത്. പോലീസിൻ്റെ ചാർജ് ഷീറ്റ് തള്ളി കോടതി ജാമ്യം കൊടുക്കുകയായിരുന്നു. പാലാരിവട്ടത് തടിച്ചു കൂടിയ പ്രവർത്തകർ തിരിച്ചെത്തിയ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചാണ് മടങ്ങിയത്.