കാസർകോട്: പൊലീസുമായുണ്ടായ വാക്കേറ്റത്തിൽ വിശദീകരണവുമായി കല്യാശേരി എംഎൽഎ എം വിജിൻ. പേര് ചോദിച്ചപ്പോഴല്ല താൻ പ്രകോപിതനായത്. ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത് ആ സംഭവത്തിന്റെ ഏറ്റവും അവസാനം നടന്ന കാര്യമാണ്. എസ് ഐ പ്രകോപിതരാക്കുന്ന രീതിയിലാണ് പെരുമാറിയത്. സമരം നടന്നുകൊണ്ടിരിക്കവെ എസ് ഐ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. എസ് ഐ മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് താൻ സുരേഷ് ഗോപി സ്റ്റൈൽ എന്ന് പറഞ്ഞതെന്നും എം വിജിൻ റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കി.
പൊലീസ് ഉണ്ടായില്ല എന്നതുകൊണ്ടാണ് കളക്ടറേറ്റ് ഗ്രൗണ്ടിന് അകത്തേക്ക് സമരക്കാർ കടന്നത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അവിടെ വന്നപ്പോൾ സമരക്കാർ പുറത്തേക്ക് പോവട്ടെ എന്ന് ചോദിച്ചു. എന്നാൽ പൊലീസ് വിരട്ടി എന്നാണ് സമരക്കാർ പറഞ്ഞത്. വ്യക്തമായി പുറത്തുപോകാൻ പറഞ്ഞിട്ടില്ല. എസ് ഐ വന്നത് മുതൽ ഷോ ആയിരുന്നു. കളക്ടറേറ്റിന് ഉളളിലേക്ക് കയറിയോ, കളക്ടറേറ്റ് ചേംബറിലേക്ക് കയറിയോ എന്നൊക്കെ പൊലീസ് ചോദിച്ചു. വളരെ മോശമായ പെരുമാറ്റമാണ് എസ് ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് എംഎൽഎ വിശദമാക്കി.
ഉദ്ഘാടകൻ എന്ന നിലയിൽ തന്നോട് എസ് ഐ ക്ക് കളക്ടറേറ്റിന് പുറത്തേക്ക് പോയി സംസാരിക്കാമെന്നെങ്കിലും പറയാം. കളക്ടറേറ്റിന് പുറത്തേക്ക് പോകാമെന്ന് അവിടെ ഉണ്ടായിരുന്ന മാധ്യമ സുഹൃത്തുക്കളോട് താൻ പറഞ്ഞതാണ്. ഇതിന് അകത്ത് നിന്ന് സമരം ചെയ്യുന്നത് ശരിയല്ല നമ്മുക്ക് പുറത്തേക്ക് പോകാമെന്നും താൻ അഭിപ്രായപ്പെട്ടു. പക്ഷെ എസ് ഐ ആണ് കേസ് എടുക്കും എന്നൊക്കെ പറഞ്ഞ് മോശമായി സംസാരിച്ചതെന്ന് വിജിൻ പറഞ്ഞു.
നിങ്ങൾ കേസ് എടുക്കുമെങ്കിൽ താൻ ഇവിടെ നിന്ന് തന്നെ സംസാരിക്കുമെന്ന് വ്യക്തമാക്കിയതോടെ പൊലീസ് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നും എംഎൽഎ പറഞ്ഞു. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മൈക്ക് പിടിച്ചുവാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥനെ താൻ ആദ്യമായാണ് കാണുന്നത്. അതാണ് പ്രകോപനത്തിന് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
'സുരേഷ് ഗോപി കളിക്കേണ്ട'; കണ്ണൂര് ടൗണ് എസ് ഐയോട് എം വിജിന് എംഎല്എപേര് ചോദിച്ചതുമായി ബന്ധപ്പെട്ട പ്രശ്നത്തിലും എംഎൽഎ പ്രതികരിച്ചു. സമരം ചെയ്തുകൊണ്ടിരിക്കുമ്പോൾ പല തവണ മൈക്ക് പിടിച്ചുവാങ്ങി. പ്രസംഗം കഴിഞ്ഞതിന് ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥ അടുത്ത് നിങ്ങളുടെ പേര് എന്താണെന്ന് ചോദിച്ചു. എന്തിനാണ് പേര് എന്ന് ചോദിച്ചപ്പോൾ എസ് ഐ കേസ് എടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഇങ്ങനെയാണൊ കേസ് എടുക്കുക, ഇതാണൊ പൊലീസിന്റെ രീതി എന്നും താൻ തിരിച്ചു ചോദിച്ചു. അത്രയ്ക്ക് നിർബന്ധമെങ്കിൽ നാളെ രാവിലെ പത്രത്തിൽ തന്റെ പേര് കാണാമെന്നും അത് നോക്കി കേസ് എടുത്തോളുയെന്നും താൻ ഉദ്യോഗസ്ഥയോട് പറഞ്ഞു.
വീണ്ടും എസ് ഐ വന്ന് പ്രകോപിതരാക്കുന്ന രീതിയിൽ പെരുമാറിയപ്പോഴാണ് സുരേഷ് ഗോപി സ്റ്റൈൽ എന്നൊക്കെ പറഞ്ഞ് സംസാരിച്ചത്. ക്ഷമിക്കുന്നതിന് അപ്പുറമായിരുന്നു. ഇതുവരെ ഒരു ഉദ്യോഗസ്ഥനെയും മാനിക്കാതിരിക്കുകയൊ എസ് ഐമാരെ മോശപ്പെടുത്തുകയൊ ചെയ്തിട്ടില്ലെന്നും എംഎൽഎ വിജിൻ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കണ്ണൂർ ടൗൺ എസ് ഐ ഷമീലിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.