മാസങ്ങൾ നീണ്ട പരിശീലനം, സബ് ജില്ലയിലെയും ജില്ലയിലെയും കടുത്ത മത്സരം ഈ കടമ്പകളെല്ലാം കടന്നാണ് കേരളത്തിലെ 14 ജില്ലകളിലെ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവ വേദിയിലെത്തുന്നത്. എന്നാൽ മലപ്പുറത്തെ കുളത്തൂർ നാഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇതുമാത്രം പോരാ. ഒരുപാട് പേരുടെ അനുമതി വേണം, സമ്മതവും 'സമ്മതപത്ര'വും വേണം. സിനിമകൾക്ക് മാത്രം കേട്ടിട്ടുള്ള സെൻസറിംഗ് വരെ കഴിഞ്ഞാണ് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ക്യൂ പ്ലസ് എന്ന നാടകം കൊല്ലത്തെ കലോത്സവ വേദിയിലെത്തുന്നത്.
എല്ലാത്തിനും കാരണം ക്യൂ പ്ലസ് നാടകത്തിന്റെ ആശയമാണ്. അരികുവൽക്കരിക്കപ്പെട്ട ട്രാൻസ് വിഭാഗത്തെ, എൽജിബിടിക്യൂ സമൂഹത്തെ നാടകത്തിലൂടെ വേദിയിലെത്തിച്ചതാണ് ഒരു 'വിഭാഗ'ത്തെ ചൊടിപ്പിച്ചത്. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എൽജിബിടിക്യൂ പ്ലസ് സമൂഹം നേരിടുന്ന പ്രയാസങ്ങളാണ് നാടകം പറയുന്നത്. കേരളത്തിലെ സ്കൂളിൽ നിന്ന് പൂർവ്വ വിദ്യാർത്ഥികൾ സംഘർഷഭരിതമായ മണിപ്പൂരിലേക്ക് ബസിൽ യാത്ര പോകുന്നതും തുടർന്നുണ്ടാകുന്ന വിഷയങ്ങളുമാണ് ഒരു ട്രാവൽ ഡ്രാമയായ ക്യൂ പ്ലസിന്റെ ഇതിവൃത്തം.
മലപ്പുറം സ്വദേശിയായ ശരത്ത് പ്രകാശിന്റേതാണ് തിരക്കഥ. ടീം ക്രിയേറ്റീവ് തിയേറ്റര് ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ജെന്റർ കൺഫ്യൂഷൻസിനെ ഒഴിവാക്കി, ഓരോരുത്തരും തങ്ങളെന്താണെന്ന് തിരിച്ചറിയുന്നതാണ് ഈ നാടകമെന്ന് ശരത്ത് പറയുന്നു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ഈ നാടകം അരങ്ങിലെത്തിക്കുന്നത്.
നാടകം പര്യവസാനിക്കുന്നതോടെ സൗമ്യ, ആദില എന്നീ പെൺകുട്ടികൾ തങ്ങൾക്കിടയിലെ പ്രണയം തിരിച്ചറിയുന്നു. അവര് പരസ്പരം ചുംബിക്കുന്നു. ഒടുവില് ഇരുവരുടെയും ഒത്തുചേരലോടെയാണ് ക്യൂ പ്ലസ് അവസാനിക്കുന്നത്. അപ്പോൾ ഇവർക്ക് പിന്നിൽ എൽജിബിടിക്യു പ്ലസ് കമ്യൂണിറ്റിയുടെ മഴവിൽ പതാക ഉയരുന്നു. ആദ്യം സ്കൂളിൽ കളിച്ച നാടകം അധ്യാപകരും വിദ്യാർത്ഥികളും ഏറ്റെടുത്തു, കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പിന്നീട് സബ് ജില്ലാ വേദിയിലെത്തി. അവിടെ നിന്ന് മികച്ച നടിയ്ക്കും നടനുമടക്കമുള്ള പുരസ്കാരങ്ങൾ നേടി ഒന്നാമതായി ജില്ലാ കലോത്സവ വേദിയിലേക്ക്. ജില്ലാ കലോത്സവത്തിൽ മൈക്കിന്റെ പ്രശ്നത്തെത്തുടർന്ന് ഒരു മാർക്ക് കുറഞ്ഞ് നാടകം രണ്ടാമതായിപ്പോയി. ജില്ലാ കലോത്സവത്തിലും മികച്ച നടിയും മികച്ച നടനുമായത് ക്യൂ പ്ലസിന്റെ കുട്ടികളായിരുന്നു. ജില്ലാ തലത്തിൽ നിന്ന് അപ്പീൽ നേടി സംസ്ഥാന കലോത്സവത്തിന് പങ്കെടുക്കാൻ നാടകം തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ ഇവിടെ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ക്യൂ പ്ലസിനെ വിമർശിച്ചുകൊണ്ട് ആദ്യമൊരു വീഡിയോ പുറത്തുവന്നു. പിന്നാലെ നാടകം അവതരിപ്പിച്ച വിദ്യാർത്ഥികളെയടക്കം ചീത്ത വിളിച്ച് സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളുണ്ടായി. നാടകം വിദ്യാർത്ഥികൾക്കിടയിൽ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നു. ബെഡ്റൂമിൽ ചെയ്യേണ്ടത് സ്റ്റേജ് കെട്ടി ചെയ്യുന്നു, ഈ നാടകം ആവിഷ്കരിക്കാൻ കൂട്ടുനിന്ന അധ്യാപകർക്കെതിരെ കേസെടുക്കണം, ഇതിനെ എതിർക്കേണ്ടത് സാമൂഹിക ബാധ്യത എന്നിങ്ങനെ പോകുന്നു ആരോപണങ്ങളും വിമർശനങ്ങളും. ഇതിനെല്ലാം പുറമെ ലെസ്ബിയൻ പ്രണയത്തെ മൃഗരതിയോട് പോലുമുപമിച്ചുള്ള സൈബർ ആക്രമണങ്ങൾ വേറെയും. രക്ഷിതാക്കളെയടക്കം വെർബൽ അബ്യൂസ് ചെയ്യുന്ന കമന്റുകൾ കൊണ്ടാണ് പിന്നീട് പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന ഈ കുട്ടികളെ 'എൽജിബിടിക്യൂ പ്ലസ് ഫോബിയ' സംഘം നേരിട്ടത്. നാടക സംഘത്തിനും അധ്യാപകർക്കുമെതിരെ ചൈൽഡ് ലൈനിൽ പരാതിയുമായും ചിലരെത്തി. എന്നാൽ ഇന്നുവരെ അതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ചൈൽഡ് ലൈനിൽ നിന്ന് ആരും തന്നെ വിളിച്ചിട്ടില്ല.
കാതൽ സിനിമയുടെയും എൻഎസ്എസ് ക്യാമ്പുകൾക്കെതിരെ സമസ്തയും മുസ്ലിം ലീഗുമടക്കമുള്ള മത സംഘടനകളും പാർട്ടികളും രംഗത്തെത്തിയിരിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ തന്നെയാണ് ഈ നാടകവും ആക്രമണം നേരിടുന്നത്. എൽജിബിടിക്യൂ പ്ലസ് പ്രമേയം കുട്ടികൾ പറയരുത്, അറിയരുത് എന്ന് ശഠിക്കുന്ന ഒരു വിഭാഗത്തെയാണ് ഇതിലൂടെ കാണാനായത്. സൈബർ ആക്രമണങ്ങൾകൊണ്ടും തീർന്നില്ല. ഈ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂളിനെതിരെ ഭീഷണി വന്നു. ഇനിയും ഈ നാടകം അവതരിപ്പിച്ചാൽ മറ്റ് കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റുമെന്ന് ഭീഷണിപ്പെടുത്തി, സ്കൂളിലേക്ക് മാർച്ച് നടത്തുമെന്ന് മത സാമുദായിക സംഘടനകൾ മുന്നറിയിപ്പ് നൽകി. ജോലി പോകുമെന്ന് പേടിച്ച് അധ്യാപകർ മൗനം പാലിച്ചു. സ്കൂൾ ഖേദം പ്രകടിപ്പിച്ചു. നാടകത്തിന് എസ്കെഎസ്എസ്എഫ്, എസ് വൈ എസ് എന്നിങ്ങനെയുള്ള മതസംഘടനകളുടെ നിരോധനം എന്ന തരത്തിലേക്ക് വരെ ഇത് മാറി. നാടകത്തിന് അപ്പീൽ ലഭിക്കാതിരിക്കാൻ പോലും ഇടപെടലുണ്ടായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാന കലോത്സവ വേദി നഷ്ടമാകുമോ എന്ന ഭയത്തിലായിരുന്നു ജനുവരി മൂന്ന് വരെ ഈ കുട്ടികൾ.
നാടകം വേദിയിലവതരിപ്പിക്കണമെങ്കിൽ മാറ്റങ്ങൾ വരുത്തണമെന്ന മതസംഘടനകളുടെ ആവശ്യം സ്കൂള് അധികൃതര് അറിയിച്ചു. പെണ്ണും പെണ്ണും തമ്മില് സ്നേഹിക്കേണ്ട, പകരം പെണ്ണും ആണും തമ്മില് സ്നേഹിക്കുന്നതിലേക്ക് നാടകം മാറ്റണമെന്നായി. ലെസ്ബിയന് പ്രണയത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മതസംഘടനകള് സ്കൂളിനെ അറിയിക്കുകയായിരുന്നു. എൽജിബിടിക്യൂ പ്ലസിന്റെ മഴവിൽ പതാക സ്റ്റേജിൽ ഉയർത്താൻ പാടില്ലെന്നും ഇവർ കർശനമായി പറഞ്ഞു. ഇത്തരത്തിൽ കുറേയേറെ തിരുത്തലുകൾ നടത്തിയാൽ മാത്രം സംസ്ഥാന കലോത്സവ വേദിയിൽ അരങ്ങേറാമെന്ന ഭീഷണിയാണ് ഒടുവിൽ ഈ കുട്ടികൾക്കും അവർക്കൊപ്പം നിന്ന നാടക സംഘത്തിനും ലഭിച്ചത്. എന്നാൽ മത സമുദായിക സംഘടനകളെ ഭയന്ന് തന്റെ നാടകത്തിൽ മാറ്റം വരുത്തില്ലെന്ന നിലപാടിലായിരുന്നു ക്രിയേറ്റീവ് തിയേറ്ററും രചയിതാവ് ശരത്തും. സ്വാഭാവികമായി നടത്താൻ തീരുമാനിച്ചിരുന്ന ചില മിനുക്കുപണികളല്ലാതെ മറ്റൊരു മാറ്റവും വരുത്തില്ല. മാറ്റം വരുത്തേണ്ടി വന്നാൽ സംസ്ഥാന കലോത്സവ വേദിയിൽ നാടകം കളിക്കില്ലെന്നുമായിരുന്നു ഇവരുടെ തീരുമാനം.
ഒടുവിൽ, മതസംഘടനകൾ തീരുമാനിക്കുന്ന ചിലർക്കും പിടിഎ പ്രതിനിധികൾക്കും മുന്നിൽ നാടകം അവതരിപ്പിച്ച് അവരെ പ്രീതിപ്പെടുത്താനായാൽ കലോത്സവത്തിൽ പങ്കെടുക്കാം എന്നായി തീരുമാനം. അവർ പറയുന്ന മാറ്റങ്ങൾ വരുത്തിയാൽ അംഗീകാരം ലഭിക്കും. ഒരു സെൻസറിംഗും ജനുവരി 3ന് ഈ കുട്ടികൾ നേരിട്ടു. മതസംഘടനകളുടെ പ്രതിനിധികളുണ്ടായില്ലെങ്കിലും പിടിഎ പ്രതിനിധികളുടെ മുന്നിൽ കുട്ടികൾ നാടകം കളിച്ചു. 'ഈ നാടകം കളിക്കുന്നതിൽ നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?' ഇതായിരുന്നു കുട്ടികള് നേരിട്ട ചോദ്യം. ഇല്ലെന്ന് അവരുടെ മറുപടി. ഒടുവിൽ മത്സരത്തിൽ പങ്കെടുക്കാൻ അനുമതി. ദൃശ്യ, അമൽ, ഫഹ്മി, ആകസ്മി, നെച്ചിക്കത്ത്, അപർണ, ഗീതു, ധനലക്ഷ്മി, സിനാൻ,മുന്ന എന്നിവര്ക്കാണ് സബ് ജില്ലയിലും ജില്ലയിലും അരങ്ങിൽ തകർത്താടിയിട്ടും ഈ ചോദ്യങ്ങളെയെല്ലാം നേരിടേണ്ടി വന്നത്.
ഒടുവിൽ ഇത്രയും പ്രതിബന്ധങ്ങളെയും സൈബർ ആക്രമണങ്ങളെയും അതിജീവിച്ച് ആ പത്ത് കുട്ടികളും കൊല്ലത്തെത്തി. ഇനി കലാമാമാങ്കത്തിൽ ക്യൂ പ്ലസ് അരങ്ങേറും. സമ്മാനങ്ങളേക്കാള് ഏറെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയംഅരങ്ങിലെത്തിക്കാനാകുന്നതിന്റെ ആത്മസംതൃപ്തിയിലാണ് ഈ നാടകസംഘവും കുട്ടികളും.
സ്വതന്ത്രമായി എഴുതാനോ, നാടകം ചെയ്യാനോ കഴിയാത്ത സാഹചര്യമാണ് ഈ 2024ലും ഉള്ളതെന്നത് അതീവ ഖേദകരമാണെന്ന് ശരത്ത് പറയുന്നു. അഭിനയമായി കാണേണ്ടതിനെ അഭിനയമായിത്തന്നെ കാണണം. പ്രമേയം ആവശ്യപ്പെടുന്ന തരത്തിലുള്ള രംഗങ്ങൾ മാത്രമാണ് നാടകത്തിലുള്ളത്. കുട്ടികൾക്ക് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകരുതെന്ന് കരുതിയാണ് ഇത്രയും നാൾ നിശബ്ദമായിരുന്നത്. നാടകം കാണാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നതാണ് ഇതിലെ വിരോധാഭാസം. സ്വന്തം ജെൻഡർ തിരിച്ചറിയാൻ, ഈ നാടകം കാണികളെ സഹായിക്കുമെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. അരികുവത്കരിക്കപ്പെട്ടവരെ അടിമപ്പെടുത്തുകയല്ല, അവരെ തുറന്നുവിടാനുള്ള ഊർജ്ജം നൽകുകയാണ് ക്യൂ പ്ലസ് ചെയ്യുന്നത്. ഇന്ന് ജെന്റർ മൈനോരിറ്റിക്ക് സപ്പോർട്ട് ലഭിക്കുന്നില്ല. സ്ത്രീ സമത്വത്തിന് വേണ്ടി സംസാരിക്കുന്നത് പോലെത്തന്നെയാണ് എൽജിബിടിക്യൂ പ്ലസിന് വേണ്ടി സംസാരിക്കുന്നതെന്നും ശരത് പ്രകാശ് വ്യക്തമാക്കി.
എൽജിബിടിക്യു അംഗങ്ങൾ നാടകമത്സരം കാണാൻ വരികയും മികച്ച അഭിപ്രായം പറയുകയും ചെയ്തിരുന്നു. കൊല്ലത്തും അവരെത്തുമെന്ന് പറയുന്നുണ്ട്. 'വേദിയിൽ മഴവിൽ പതാക ഉയർത്താനല്ലേ നിരോധനമുള്ളൂ, സദസ്സിൽ ഇതാകാമല്ലോ. നാടകം നടക്കുന്ന വേദിക്ക് മുമ്പിൽ ഞങ്ങൾ പതാക ഉയർത്തും' ചില എൽജിബിടിക്യൂ അംഗങ്ങൾ ഇങ്ങനെ അഭിപ്രായപ്പെട്ടുവെന്നും ശരത്ത് പറഞ്ഞു.
രണ്ട് പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നുവെന്ന് പറഞ്ഞത് ഒക്ടോവിയോ പാസാണ്. എന്നാൽ ഇന്നും ചുംബനം നിഷിദ്ധമായൊരു ലോകം നമുക്ക് ചുറ്റുമുണ്ടെന്ന് പറയുക കൂടി ചെയ്യുന്നു ക്യൂ പ്ലസ് നാടകം നേരിട്ട അതിക്രമങ്ങൾ. കൊല്ലം കലോത്സവ വേദിയില് ക്യൂ പ്ലസ് കളിക്കട്ടെ, ആദിലയും സൗമ്യയും പരസ്പരം സ്നേഹിക്കട്ടെ, വേദിയിൽ മഴവിൽ പതാക ഉയരട്ടെ, സമൂഹം കാലത്തിനനുസരിച്ച് നവീകരിക്കപ്പെടട്ടേ, കാത്തിരിക്കാം ക്രിയേറ്റീവ് തിയേറ്ററിന്റെയും കുട്ടികളുടെയും നാടകം കാണാൻ...