പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപനെതിരെ മോശം പരാമർശം നടത്തിയതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തോട് വിശദീകരണം തേടി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. മോശം പരാമർശം നടത്തിയതിന് ഫാ. മാത്യൂസ് വാഴക്കുന്നം നിർവ്യാജം ഖേദം പ്രകടിപ്പിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഫാ. മാത്യൂസ് വാഴക്കുന്നം നേരിട്ടെത്തി വിശദീകരണം നൽകാനും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ നിർദ്ദേശം നൽകി.
ഓർത്തഡോക്സ് സഭ പത്തനംതിട്ട നിലയ്ക്കൽ ഭദ്രാസനാധിപനെ വിമർശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. സഭയിലെ ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിനെ വിമർശിച്ച ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു. വിഷയത്തിൽ സഭയുടെ പ്രധാന ചുമതലയിലുള്ള കോനാട്ട് അച്ചന് താൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും തന്റെ പേരിൽ ഒരു കൽപ്പന ഇറക്കേണ്ട ആവശ്യം നിലയ്ക്കൽ ഭദ്രാസനാധിപന് ഇല്ലെന്നും ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖയിൽ പറയുന്നു. നിലയ്ക്കൽ ഭദ്രാസനാധിപന്റെ കൽപ്പനയ്ക്ക് മറുപടി നൽകാൻ മനസ്സില്ലെന്നും ശബ്ദരേഖയിലുണ്ട്.
ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ ഫാ.മാത്യൂസ് വാഴക്കുന്നത്തോട് വിശദീകരണം തേടിയത്. അതേസമയം ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങളിൽ ഫാ മാത്യൂസ് വാഴക്കുന്നം കാതോലിക്കാ ബാവയോട് നിർവ്യാജം ഖേദം പ്രകടിപ്പിച്ചു. തന്റെ ഭാഗം കേൾക്കാൻ അവസരം നൽകണമെന്നും ഫാ മാത്യൂസ് വാഴക്കുന്നം അപേക്ഷിച്ചിട്ടുണ്ട്. കോട്ടയം ദേവലോകം അരമനയിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ ഫാ മാത്യൂസ് വാഴക്കുന്നത്തോട് കാതോലിക്കാ ബാവ ആവശ്യപ്പെട്ടിട്ടുണ്ട്.