കണ്ണൂർ: കല്യാശേരി എംഎൽഎ വിജിനെ അപമാനിച്ചെന്ന പരാതിയിൽ ടൗൺ എസ്ഐ പി പി ഷമീലിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. എസ്ഐ അനാവശ്യ പ്രകോപനം സൃഷ്ടിച്ചു. കെജിഎൻഎയുടെ മാർച്ചിൽ കളക്ടറേറ്റിൽ സുരക്ഷയൊരുക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ ചുമതലയുള്ള എസിപി ടി കെ രത്നകുമാർ ഇന്ന് റിപ്പോർട്ട് നൽകും.
എം വിജിൻ എംഎൽഎ നൽകിയ പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർ എസിപി ടി കെ രത്നകുമാറിന് ചുമതല നൽകി അന്വേഷത്തിന് ഉത്തരവിട്ടിരുന്നു. സമരത്തിന്റെ ഉദ്ഘാടകനായി എത്തിയ തന്റെ കയ്യിൽ നിന്ന് പൊലീസ് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. പ്രകോപിതരാക്കുന്ന രീതിയിൽ മോശമായി പെരുമാറുകയും ചെയ്തെന്ന് എംഎൽഎ ആരോപിച്ചു. ഇതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്നും അല്ലാതെ തന്നോട് പേര് ചോദിച്ചതല്ല പ്രശ്നത്തിന് കാരണമെന്നും വെളളിയാഴ്ച എംഎൽഎ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു.
കണ്ണൂര് കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്എയും തമ്മില് വാക്കേറ്റമുണ്ടായത്. സിവില് സ്റ്റേഷൻ വളപ്പില് സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്ക്കം. സിവില് സ്റ്റേഷന് പ്രധാന കവാടത്തില് മാര്ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില് സ്റ്റേഷന് വളപ്പിനുള്ളിലാണ് മാര്ച്ച് അവസാനിപ്പിച്ചത്. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര് ടൗണ് എസ്ഐയോട് വിജിന് എംഎല്എ താക്കീത് നല്കിയിരുന്നു.
'പൊലീസിന് ഗുരുതര വീഴ്ചപറ്റി, അത് മറച്ചുവെക്കാൻ പ്രകോപനമുണ്ടാക്കി'; വിജിനെ പിന്തുണച്ച് ഇ പി ജയരാജൻഎംഎൽഎയെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച പറ്റി. അത് മറച്ചുവെക്കാൻ പ്രകോപനമുണ്ടാക്കി. പ്രസംഗിക്കാനിരിക്കവെ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. സമരം നടക്കുമ്പോൾ കളക്ടറേറ്റിന്റെ ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായില്ല. പൊലീസ് അവരുടെ കൃത്യ നിർവ്വഹണം നടത്തിയില്ലെന്നും ഇ പി ജയരാജൻ വിമർശിച്ചിരുന്നു.
എന്നാൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുക്കുന്ന പൊലീസ് വിജിൻ എംഎൽഎക്കെതിരെ കേസ് എടുക്കാൻ ഭയപ്പെടുന്നുവെന്ന വിമർശനം കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉന്നയിച്ചു. ഭീഷണിപ്പെടുത്തി കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കല്യാശേരി എംഎൽഎക്കെതിരെ കേസ് എടുക്കണം. കളക്ടറേറ്റ് വളപ്പിൽ സമരം നടത്തിയ നൂറോളം നഴ്സുമാർക്കെതിരെ കേസ് എടുത്ത പൊലീസ് രംഗം വഷളാക്കിയ എംഎൽഎക്കെതിരെ കേസ് എടുക്കാത്തത് പക്ഷപാതിത്തമാണെന്നും അദ്ദേഹം വിമർശിച്ചു.