കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റം നടത്തിയ കല്യാശേരി എംഎൽഎ എം വിജിനെതിരെ കേസ് എടുക്കണമെന്ന് കോൺഗ്രസ്. ഭീഷണിപ്പെടുത്തി കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കല്യാശേരി എംഎൽഎക്കെതിരെ കേസ് എടുക്കണം. കളക്ടറേറ്റ് വളപ്പിൽ സമരം നടത്തിയ നൂറോളം നഴ്സുമാർക്കെതിരെ കേസ് എടുത്ത പൊലീസ്, രംഗം വഷളാക്കിയ എംഎൽഎക്കെതിരെ കേസ് എടുക്കാത്തത് പക്ഷപാതിത്തമാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. റിപ്പോർട്ടർ ടിവിയോട് ആയിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.
സിപിഐഎം നേതാക്കൾ പറയുന്നത് അനുസരിക്കുന്ന ഗുണ്ടകളായ പൊലീസുകാർ നല്ലവരും, കൃത്യമായി ജോലി ചെയ്യുന്ന പൊലീസുകാരെ മോശക്കാരാക്കുകയുമാണ് എൽഡിഎഫ് സർക്കാരും പാർട്ടിയും ചെയ്യുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ മത്സരിക്കുന്ന പൊലീസിന് വിജിനെതിരെ കേസ് എടുക്കാൻ ഭയമാണെന്നും ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
വിജിന് എംഎല്എയുടെ പരാതി; കണ്ണൂര് എസ്ഐക്കെതിരെ അന്വേഷണംഅതേസമയം എം വിജിന്റെ പരാതിയിൽ കണ്ണൂർ ടൗൺ എസ്ഐ ഷമീലിനെതിരെ സിറ്റി പൊലീസ് വകുപ്പ് തല അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതലയുള്ള കണ്ണൂർ എസിപി ടി കെ രത്നകുമാർ ഇന്ന് ടൗൺ എസ്ഐയിൽ നിന്നും വിശദീകരണം തേടും. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്വേഷണത്തിന് ശേഷം മാത്രം നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.
കണ്ണൂര് കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്എയും തമ്മില് വാക്കേറ്റമുണ്ടായത്. സിവില് സ്റ്റേഷന് വളപ്പില് സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്ക്കം. സിവില് സ്റ്റേഷന് പ്രധാന കവാടത്തില് മാര്ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില് സ്റ്റേഷന് വളപ്പിനുള്ളിലാണ് മാര്ച്ച് അവസാനിപ്പിച്ചത്. കളക്ട്രേറ്റ് വളപ്പിലേക്ക് കടന്ന ഉദ്ഘാടകനായ എംഎല്എ ഉള്പ്പെടെയുള്ള സമരക്കാരുടെ പേര് എഴുതി എടുക്കാന് പൊലീസ് ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമായത്. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര് ടൗണ് എസ്ഐയോട് വിജിന് എംഎല്എ താക്കീത് നല്കിയിരുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി എം വിജിന് രംഗത്തെത്തിയിരുന്നു. പൊലീസാണ് പ്രശ്നങ്ങള് സൃഷ്ടിച്ചത്. പൊലീസ് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. പ്രകോപിതരാക്കുന്ന രീതിയിൽ മോശമായി പെരുമാറി എന്നും എംഎല്എ ആരോപിച്ചു. പൊലീസിനെതിരെ എംഎൽഎ പരാതി നല്കിയിട്ടുണ്ട്.