റീഗൽ ഫ്ലാറ്റ്: ഇല്ലാത്ത വഴിക്ക് ശ്രമിച്ചത് മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിതാ നന്ദൻ

ഇല്ലാത്ത റോഡ് ഉണ്ടാക്കാൻ ഒന്നരമാസം മുമ്പ് സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് ഭൂമി കയ്യേറാൻ സുമിതാ നന്ദൻ ഇടപെട്ടതിൻ്റെ രേഖകൾ റിപ്പോർട്ടറിന്

dot image

കൊച്ചി: റീഗൽ ഫ്ലാറ്റിന് മുന്നിലൂടെയുള്ള ഇല്ലാത്ത വഴി ഉണ്ടാക്കാൻ ചുക്കാൻ പിടിച്ചത് മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിതാ നന്ദൻ. ഇല്ലാത്ത റോഡ് ഉണ്ടാക്കാൻ ഒന്നരമാസം മുമ്പ് സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് ഭൂമി കയ്യേറാൻ സുമിതാ നന്ദൻ ഇടപെട്ടതിൻ്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. സുമിതാ നന്ദൻ ഇല്ലാത്ത റോഡിനായി മറ്റൊരു വ്യക്തിവഴി ജിസിഡിയിൽ നടത്തുന്ന നീക്കങ്ങളുടെ രേഖകളാണ് റിപ്പോർട്ടറിന് ലഭിച്ചത്. ജിസിഡിഎ തയ്യാറാക്കിയ വ്യാജ സ്കെച്ച് ഉപയോഗിച്ച് ഇല്ലാത്ത റോഡുണ്ടാക്കാൻ ശ്രമിച്ചെന്ന് ഈ രേഖകളിൽ വ്യക്തമാണ്.

റീഗൽ ഫ്ലാറ്റിന് അടുത്ത് മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിതാ നന്ദന് ഒരേക്കർ ഭൂമിയുണ്ട്. സുമിതാ നന്ദൻ്റെ നേതൃത്വത്തിലാണ് സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്ത് വഴിയാക്കാൻ ശ്രമിച്ചത്. അന്ന് പൊലീസ് ഇടപെട്ട് മതിൽ പൊളിക്കുന്നത് തടഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ സുമിതാ നന്ദൻ അഡ്വ മുജീബിൻ്റെ വസ്തുവിലൂടെ വഴിയുണ്ടാക്കാൻ ജിസിഡിഎ വഴി ശ്രമിച്ചിരുന്നു എന്ന തെളിവുകളാണ് റിപ്പോർട്ടറിന് ലഭിച്ചത്.വിവരാവകാശ നിയമപ്രകാരം എടുത്ത ജിസിഡിഎയുടെ നോട്ട് ഫയലിലാണ് ഈ വിവരങ്ങളുള്ളത്. വഴിയുണ്ടെങ്കിൽ 10 ദിവസത്തിനകം ആധാരം ഹാജരാക്കണമെന്ന് ജിസിഡിഎ 2022 ഓഗസ്റ്റ് മാസം 31 ന് ആവശ്യപ്പെട്ടു. റീഗൽ ഫ്ലാറ്റ് ഉടമകൾക്കായിരുന്നു ജിസിഡിഎയുടെ കത്ത്. എന്നാൽ ഫ്ലാറ്റ് ഉടമകൾ ആധാരം ഹാജരാക്കിയില്ല. ഫയൽ ജിസിഡിഎ പൂഴ്ത്തി. ഫ്ളാറ്റ് ഉടമകൾ വന്നില്ല. മൂന്ന് മാസം കഴിഞ്ഞ് അവിടെ ഭൂമിയില്ലാത്ത പാലക്കാട് സ്വദേശിയായ ബിജു എന്ന വ്യക്തി 7 മീറ്റർ റോഡിൻ്റെ സ്കെച്ച് വേണമെന്ന് ജിസിഡിഎയ്ക്ക് ഒരു കത്ത് കൊടുത്തു. വ്യജമായി തയ്യാറാക്കിയ ഇല്ലാത്ത റോഡിൻ്റെ സ്കെച്ച് ജിസിഡിഎ ബിജുവിന് നൽകുന്നു. ഈ സ്കെച്ചാണ് ഹൈക്കോടതിയിലും മുൻസിഫ് കോടതിയിലും വഴി ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുമിതാ നന്ദൻ നൽകിയത്. സുമിതാ നന്ദന് വേണ്ടി കോർപറേഷനിൽ പരാതി നൽകിയതും ഇതേ ബിജുവാണ്.

സ്വന്തമായുള്ള ഒരേക്കർ ഭൂമിയിലേയ്ക്ക് വസ്തുവിൻ്റെ പിന്നിലൂടെ നാല് മീറ്റർ വീതിയുള്ള വഴിയാണ് സുമിതാ നന്ദന് ഉള്ളത്. എന്നാൽ തൻ്റെ ഒരേക്കറിലേയ്ക്ക് 7 മീറ്റർ റോഡ് കിട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു സുമിത നന്ദൻ നീക്കങ്ങൾ നടത്തിയത്. ആദ്യം ഫ്ലാറ്റുടമകളുടെ ആവശ്യം മാത്രമായിരുന്നു ഈ റോഡെങ്കിൽ പിന്നീടത് സുമിതാ നന്ദൻ്റെ പ്രധാന ആവശ്യമായി മാറി.

കെട്ടിട നിർമാണ അനുമതിയ്ക്കായി കാണിച്ച റോഡ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് റീഗൽ ഫ്ലാറ്റ് പൊളിക്കാൻ കോർപറേഷൻ ഉത്തരവിട്ടത്. എന്നാൽ ഈ റോഡ് യാഥാർത്ഥ്യമാക്കാൻ സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിക്കുക മാത്രമല്ല ഇവിടെ ഒരേക്കറിനടുത്ത് ഭൂമിയുള്ള മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിതാ നന്ദൻ ചെയ്തതെന്നാണ് ഇപ്പോൾ തെളിയുന്നത്.

dot image
To advertise here,contact us
dot image