വനം വകുപ്പിനെതിരായ പ്രതിഷേധം; ഇടുക്കി മാങ്കുളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

മാങ്കുളം ജനകീയ സമതിയുടെ നേതൃത്വത്തിലാണ് ഹർത്താല്

dot image

ഇടുക്കി: മാങ്കുളം പഞ്ചായത്തിൽ ഇന്ന് ജനകീയ സമരസമിതിയുടെ ഹർത്താൽ. പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും മെമ്പറെയും വനം വകുപ്പുദ്യോഗസ്ഥർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാങ്കുളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നത്. മാങ്കുളം പെരുമ്പൻക്കുത്തിലെ പവലിയനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.

പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങൾ നിരത്തിലിറക്കാതെയും പ്രതിഷേധത്തിൽ പങ്കുചേരാൻ സമരസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ഹർത്താലിനൊപ്പം മാങ്കുളം ഡി എഫ് ഒ ഓഫീസിലേക്ക് കർഷകരെ പങ്കെടുപ്പിച്ച് മാർച്ചും ഇന്ന് സംഘടിപ്പിക്കും. ഇതിനിടെ മാങ്കുളം സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഡിഎഫ്ഒ വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ടാലറിയാവുന്ന നാട്ടുകാരുമാണ് കേസിലെ പ്രതികൾ.

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലെ വനംവകുപ്പിൻ്റെ ഇടപെടൽ; സ്ഥലത്ത് പ്രതിഷേധം

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിലെ വനംവകുപ്പിൻ്റെ ഇടപെടലിനെ ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. മർദ്ദനത്തെ തുടർന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിബിൻ ജോസഫിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മാങ്കുളം ടൗണിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞത് പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചിരുന്നു. പരിക്കേറ്റ മറ്റ് ജനപ്രതിനിധികളെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജനപ്രതിനിധികളെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാട് ഇന്നലെ നാട്ടുകാർ സ്വീകരിച്ചിരുന്നു.

വനം വകുപ്പിനെതിരെ പ്രതിഷേധം; ഇടുക്കി മാങ്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനിൽ പ്രവേശിച്ചതാണ് തർക്കങ്ങളുടെ തുടക്കം. പവലിയൻ സംബന്ധിച്ച് വനം വകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ മുമ്പോട്ട് വയ്ക്കുന്നുവെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം. മാങ്കുളം പഞ്ചായത്തിന്റെ വികസന പദ്ധതികൾ അടക്കം തടസ്സം നിൽക്കുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുവാൻ വനംവകുപ്പ് നീക്കം നടത്തുന്നുവെന്നും ആരോപിച്ച് കാലങ്ങളായി മാങ്കുളത്തെ ജനങ്ങൾ വനം വകുപ്പിനെതിരെ പ്രതിഷേധത്തിലാണ്.

dot image
To advertise here,contact us
dot image