'ചാണകവെള്ളം തളിച്ച് പ്രധാനമന്ത്രിയെ അപമാനിച്ചു'; മാപ്പ് പറയണമെന്ന് ഗോവ ഗവർണർ

കണ്ണൂരിൽ കാളക്കുട്ടിയെ കൊന്നവരാണ് ഈ പ്രതിഷേധം നടത്തിയത്

dot image

തിരുവനന്തപുരം: തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച വേദിയിൽ ചാണക വെളളം തളിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമർശിച്ച് ഗോവ ഗവർണറും മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ പി എസ് ശ്രീധരൻ പിളള. ചാണകവെള്ളം തളിച്ച് പ്രധാനമന്ത്രിയെ അപമാനിച്ചു. അദ്ദേഹത്തെ നികൃഷ്ടജീവിയായി ചിത്രീകരിച്ചത് ദൗർഭാഗ്യകരമാണ്. മലയാളികളുടെ സാംസ്കാരിക ജീവിതത്തിനേറ്റ പ്രഹരമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയ നേതൃത്വം മാപ്പ് പറയണമെന്നും പി എസ് പി എസ് ശ്രീധരൻ പിളള ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസിന്റേത് ആത്മഹത്യാപരമായ നിലപാട് ആണെന്നും ഗോവ ഗവർണർ വിമർശിച്ചു. പ്രതിഷേധിച്ചവർ സ്വയം ചെറുതാകുകയാണ്. രാഷ്ട്രീയ നേതാക്കളുടെ മനസ്സ് വിഷലിപ്തമാകരുത്. പ്രസംഗിച്ചിറങ്ങിയ വേദിയുടെ പരിസരത്ത് ചാണക വെള്ളം തളിച്ചു ശുദ്ധീകരിച്ചത് ആ വ്യക്തിയെ മോശമായി ചിത്രീകരിക്കലാണ്. പ്രതിഷേധിച്ചവരെ തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ പറയുന്നത് ജനങ്ങളുടെ രാഷ്ട്രീയമാണെന്നും പി എസ് ശ്രീധരൻ പിളള കൂട്ടിച്ചേർത്തു.

വിശ്വപൗരനാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഒപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞവർ പിന്നീട് നരേന്ദ്ര മോദിയെ കാണാൻ അപേക്ഷ നൽകി കാത്തിരിക്കുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും എല്ലാവരും ഒരേ ആശയം പിന്തുടരുന്നവരാണ്. കണ്ണൂരിൽ കാളക്കുട്ടിയെ കൊന്നവരാണ് ഈ പ്രതിഷേധം നടത്തിയത്. ഇതിൽ ഗാന്ധിജിയുടേയും നെഹ്റുവിൻറെയും ആത്മാവ് പൊറുക്കില്ലെന്നും പി എസ് ശ്രീധരൻ പിളള പറഞ്ഞു.

ആല്മരം മുറിക്കെതിരെ പ്രതിഷേധ സമരം; തൃശ്ശൂര് നഗരത്തില് ബിജെപി-യൂത്ത് കോണ്ഗ്രസ് സംഘര്ഷം

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ശിഖിരങ്ങൾ മുറിച്ചുമാറ്റിയതിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. പ്രധാനമന്ത്രി സംസാരിച്ച വേദിയില് ചാണകവെള്ളം തളിക്കാനും പ്രവർത്തകർ ശ്രമിച്ചു. ഇത് പറ്റില്ലെന്ന് പറഞ്ഞ് ബിജെപി പ്രവർത്തകർ തടയാനും ശ്രമിച്ചതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. പിന്നീട് നായ്ക്കനാലിലെ പ്രധാനമന്ത്രിയുടെ കമാനത്തിനു താഴെ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ചാണകവെള്ളം തളിക്കുകയും ചെയ്തു.

സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകന് തലക്കടിയേറ്റ സംഭവത്തിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷിനെതിരെയും യുവമോർച്ച നേതാവ് മനോജിനെതിരെയും കേസ് എടുത്തിട്ടുണ്ട്. വർഷങ്ങളായി പഴക്കമുളള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. 'മാ നിഷാദ' എന്ന പേരിലായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.

dot image
To advertise here,contact us
dot image